മകളെ തീകൊളുത്തി കൊന്ന അമ്മയുടെ ജീവപര്യന്തം തടവ് 10 വർഷമാക്കി മദ്രാസ് ഹൈക്കോടതി
ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത മകളെ തീ കൊളുത്തി കൊലപ്പെടുത്തിയ അമ്മയുടെ ജീവപര്യന്തം തടവ് ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഐ.പി.സി സെക്ഷൻ 302 പ്രകാരമുള്ള കുറ്റം ഐ.പി.സി സെക്ഷൻ 304 പ്രകാരമാക്കി അമ്മയുടെ ശിക്ഷ 10 വർഷം കഠിന തടവാക്കി കുറച്ച് കോടതി വിധിയായി.
മകൾ 13 കാരിയായ മാരി സെൽവി കോവിൽപട്ടിയിലെ സർക്കാർ എയ്ഡഡ് റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുകയായിരുന്നു. പഠനത്തിൽ താല്പര്യമില്ലാത്ത മാരി സെൽവി അർദ്ധരാത്രി വാർഡന്മാരെ അറിയിക്കാതെ ഹോസ്റ്റലിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തി. മാരി സെൽവി പഠനം തുടരാത്തതിൽ പ്രകോപിതയായ അമ്മ മകളുമായി വഴക്കിട്ടു. മകളുടെ മേൽ മണ്ണണ്ണ ഒഴിച്ചു കത്തിച്ചു. 50 ശതമാനം പൊള്ളലേറ്റ മകൾ നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ വിചാരണക്കോടതി അമ്മയെ ഐ.പി.സി 302-ാം വകുപ്പ് അനുസരിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിൽ അപ്പീൽ പരിഗണിച്ച മദ്രാസ് ഹൈക്കോടതി എല്ലാ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്താൽ 302-ാം വകുപ്പ് നിലനിൽക്കില്ലെന്ന് വിധിച്ചു. ഐ.പി.സി 304 (1) വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. പ്രതിയെ വിചാരണക്കോടതിയിൽ ഹാജരാക്കാനും അനുഭവിച്ച ശിക്ഷയുടെ ശേഷിക്കുന്ന ഭാഗം അനുഭവിക്കാനായി ജയിലിലയക്കാനും ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദേശം നൽകി.