സൂര്യപ്രകാശം പോലും കാണുന്നില്ല, രക്ഷിക്കണമെന്ന് എൽ ചാപ്പോ

Thursday 19 January 2023 5:15 AM IST

വാഷിംഗ്ടൺ : മെക്സിക്കൻ പ്രസിഡന്റ് ആഡ്രെസ് മാനുവൽ ലോപസ് ഒബ്രഡോർ തന്നെ രക്ഷിക്കണമെന്ന് കാട്ടി അടിയന്തര സഹായാഭ്യർത്ഥനയുമായി കുപ്രസിദ്ധ മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവനായ വാകീൻ ഗുസ്മാൻ എന്ന ' എൽ ചാപ്പോ' ( 65 ).

കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മയക്കുമരുന്ന് മാഫിയ സംഘമായ സിനലോവ കാർട്ടലിന്റെ സ്ഥാപകനുമായ എൽ ചാപ്പോ നിലവിൽ അമേരിക്കയിലെ കൊളറാഡോയിലെ ഫെഡറൽ ജയിലിൽ ജീവപര്യന്തം തടവിലാണ്. ജയിലിൽ എൽ ചാപ്പോ മാനസിക പീഡനത്തിന് വിധേയമാകുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോസ് റെഫ്യുജിയോ റൊഡ്രിഗസ് പറയുന്നു.

കഴിഞ്ഞ ആറ് വർഷമായി യു.എസിന്റെ പിടിയിലുള്ള എൽ ചാപ്പോ സൂര്യപ്രകാശം കണ്ടിട്ടില്ലെന്നാണ് മെക്സിക്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന റൊഡ്രിഗസ് പറയുന്നത്. എൽ ചാപ്പോയുടെ അഭിഭാഷകരും കുടുംബവും വഴിയാണ് സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശം മെക്സിക്കൻ പ്രസിഡന്റിന് അയച്ചത്.

ആഴ്ചയിൽ മൂന്ന് തവണ ചെറിയ ഒരു ഇടത്തേക്ക് മാത്രം എൽ ചാപ്പോയെ പുറത്തിറക്കുമെന്നും സൂര്യപ്രകാശം പോലും കടക്കാത്ത ഇടമാണതെന്നും മറ്റ് തടവുകാരെ അപേക്ഷിച്ച് എൽ ചാപ്പോയ്ക്ക് വളരെ കുറവ് സന്ദർശകരെയും ഫോൺ കോളുകളെയും മാത്രമാണ് അനുവദിക്കുന്നതെന്നും റൊഡ്രിഗസ് ആരോപിച്ചു.

സൂര്യപ്രകാശം കിട്ടാത്തത് എൽ ചാപ്പോയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും കടുത്ത മാനസിക പീഡനം അദ്ദേഹം അനുഭവിക്കുന്നതായും റൊഡ്രിഗസ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. 2017ൽ അമേരിക്കയ്ക്ക് കൈമാറുമ്പോൾ മുൻ സർക്കാർ വരുത്തിയ നടപടിക്രമ വീഴ്ചകൾ ഒബ്രഡോർ പരിശോധിക്കണമെന്നാണ് എൽ ചാപ്പോയുടെ ആവശ്യം.

അതേ സമയം, എൽ ചാപ്പോയ്ക്കായി റൊഡ്രിഗസ് തങ്ങൾക്ക് ഇ - മെയിൽ കൈമാറിയെന്ന് അമേരിക്കയിലെ മെക്സിക്കൻ എംബസി സ്ഥിരീകരിച്ചു. ജനുവരി 10ന് ഇ - മെയിൽ ലഭിച്ചെന്ന് എംബസി അറിയിച്ചെങ്കിലും ഇ - മെയിലിലെ ഉള്ളടക്കം വ്യക്തമാക്കിയില്ല. അതേ സമയം, എൽ ചാപ്പോയ്ക്ക് അനുകൂലമായി സർക്കാർ ഇടപെടലുണ്ടാകില്ലെന്ന് മെക്സിക്കൻ വിദേശകാര്യ മന്ത്രി മാർസെലോ എബ്രാർഡ് പറഞ്ഞു.

മുമ്പ് 2001ലും 2015ലും മെക്സിക്കോയിലെ അതീവ സുരക്ഷാ ജയിലുകളിൽ നിന്ന് എൽ ചാപ്പോ ചാടിപ്പോയിരുന്നു. 2015ൽ സെല്ലിലേക്ക് തന്റെ സംഘത്തിലുള്ളവർ നിർമ്മിച്ച ഭൂഗർഭ ടണൽ വഴിയായിരുന്നു എൽ ചാപ്പോയുടെ ജയിൽച്ചാട്ടം. ജി.പി.എസ് സംവിധാനമുള്ള വാച്ച് ജയിലിനുള്ളിൽ എൽ ചാപ്പോയ്ക്ക് എത്തിച്ചു നൽകിയാണ് പുറത്ത് നിന്ന് സെല്ലിന്റെ സ്ഥാനം കണ്ടെത്തി ജയിലിലേക്ക് ടണൽ നിർമ്മിച്ചത്. എന്നാൽ 2016ൽ എൽ ചാപ്പോയെ വീണ്ടും പിടികൂടുകയും 2017ൽ യു.എസിന് കൈമാറുകയും ചെയ്യുകയായിരുന്നു.

എൽ ചാപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാനെ ( 32 ) അടുത്തിടെ മെക്സിക്കൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിതാവിന്റെ പാതയിൽ ലഹരി സംഘത്തെ നയിച്ചിരുന്ന ഇയാളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘങ്ങളിലൊന്നായ എൽ ചാപ്പോയുടെ സിനലോവ കാർട്ടലിന്റെ ഒരു വിഭാഗത്തെ നിയന്ത്രിച്ച ഒവിഡിയോയ്ക്ക് നിരവധി കൊലപാതകങ്ങളിലും പങ്കുണ്ടെന്ന് കരുതുന്നു. ഒവിഡിയോയേയും തങ്ങൾക്ക് വിട്ടുകിട്ടാനുള്ള നീക്കത്തിലാണ് യു.എസ്.