ആന്റണി ബ്ലിങ്കൻ ചൈനയിലേക്ക്
Thursday 19 January 2023 5:18 AM IST
വാഷിംഗ്ടൺ : യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഫെബ്രുവരി 5,6 തീയതികളിൽ ചൈനയിൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. 2018 ഒക്ടോബറിന് ശേഷം ചൈനയിൽ സന്ദർശനത്തിനെത്തുന്ന യു.എസ് ഭരണകൂടത്തിലെ ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥനാകും ബ്ലിങ്കൻ. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ ആണ് 2018ൽ ചൈന സന്ദർശിച്ചത്.
നിലവിൽ യു.എസ് - ചൈന ബന്ധം സംഘർഷങ്ങളിലൂടെ കടന്നുപോകുന്നതിനിടെയിലും ചൈനയിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലുമാണ് ബ്ലിങ്കന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. യു.എസ് ജനപ്രതിനിധി സഭാ മുൻ സ്പീക്കർ നാൻസി പെലോസി കഴിഞ്ഞ ഓഗസ്റ്റിൽ തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ മേഖലയിൽ യു.എസ് പ്രകോപനം സൃഷ്ടിക്കുന്നെന്ന് കാട്ടി ചൈന രംഗത്തെത്തിയിരുന്നു.