ജർമ്മനിയിൽ കൽക്കരി ഖനനത്തിനെതിരെ പ്രതിഷേധം : ഗ്രേറ്റ തുൻബർഗിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Thursday 19 January 2023 5:18 AM IST

ബെർലിൻ : ജർമ്മനിയിൽ കൽക്കരി ഖനനത്തിനെതിരെ പ്രതിഷേധിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചു. നിലവിലെ കൽക്കരി ഖനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറൻ ജർമ്മനിയിലെ ലുറ്റ്സെറത്ത് എന്ന ഗ്രാമത്തിൽ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു.

ഇതിനെതിരെ ഗ്രേറ്റയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ലുറ്റ്സെറത്തിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള ഒരു കൽക്കരി ഖനിക്ക് മുന്നിൽ പ്രതിഷേധം സംഘടപ്പിക്കുകയായിരുന്നു. ലുറ്റ്സെറത്തിലെ കൽക്കരി ഖനനം സമീപ പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ ആരോപണം. ഏകദേശം 6,000ത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തെന്നാണ് കണക്ക്.

പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റ് ആക്ടിവിസ്​റ്റുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം അവസാനിപ്പിക്കാൻ പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ വകവയ്ക്കാതെ വന്നതോടെയാണ് കസ്റ്റഡിയിലെടുത്തത്. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ലഭിച്ചിരുന്ന ഊർജ വിഭവങ്ങൾ തടസപ്പെട്ടതോടെ കടുത്ത ഊർജ പ്രതിസന്ധിയിലൂടെയാണ് ജർമ്മനി നീങ്ങുന്നത്.

ഇതോടെയാണ് കൽക്കരി ഖനി വിപുലീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. അതേ സമയം, കാലാവസ്ഥയെ സംരക്ഷിക്കുന്നത് ഒരു കുറ്റകരമല്ലെന്ന് പ്രതികരിച്ച ഗ്രേറ്റ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിന് പിന്നാലെ ഖനനത്തിനെതിരെയുള്ള തന്റെ കാമ്പെയിൻ പുനഃരാരംഭിച്ചു.

Advertisement
Advertisement