ആൻഡ്രെ മുത്തശ്ശി വിടവാങ്ങി ഏറ്റവും പ്രായം കൂടിയ വ്യക്തി

Thursday 19 January 2023 5:20 AM IST

പാരീസ് : ലോകത്തിലെ ഏ​റ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന ഫ്രഞ്ച് കന്യാസ്ത്രീയായ ലൂസൈൽ റാൻഡൻ എന്ന സിസ്റ്റർ ആൻഡ്രെ (118) അന്തരിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 2ന് ഫ്രാൻസിലെ ടോലോണിലെ നഴ്സിംഗ് ഹോമിൽ ഉറക്കത്തിനിടെയായിരുന്നു അന്ത്യം. . 1904 ഫെബ്രുവരി 11ന് തെക്കൻ ഫ്രാൻസിൽ ജനിച്ച സിസ്റ്റർ ആൻഡ്രെ അദ്ധ്യാപികയായിരുന്നു.

1944ലെ രണ്ടാം ലോകമഹായുദ്ധ കാലത്താണ് കന്യാസ്ത്രീയാകുന്നത്. യുദ്ധത്തിനിടെ കുട്ടികളെ പരിചരിച്ച സിസ്റ്റർ ആൻഡ്രെ പിന്നീടുള്ള 28 വർഷം ഒരു ആശുപത്രിയിൽ അനാഥരെയും മുതിർന്നവരെയും പരിചരിച്ചു കഴിഞ്ഞു. 12 വർഷമായി ഒരു നഴ്സിംഗ് ഹോമിലായിരുന്നു താമസം. ലോകത്തിലെ ഏ​റ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന കെയ്ൻ തനക (119) 2022 ഏപ്രിൽ 19ന് അന്തരിച്ചതോടെയാണ് ആ റെക്കാഡ് സിസ്റ്റർ ആൻഡ്രെയുടെ പേരിലായത്.

കാഴ്ചയ്ക്ക് തകരാറുണ്ടായിരുന്നെങ്കിലും ആൻഡ്രെയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. വീൽചെയറിന്റെ സഹായത്തോടെയാണ് അവസാന വർഷങ്ങളിൽ ജീവിച്ചത്.

118ാം പിറന്നാളിന് ആൻഡ്രെ മുത്തശ്ശിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്റെ സ്വന്തം കൈപ്പടയിൽ തയാറാക്കിയ പിറന്നാൾ സന്ദേശം നൽകിയിരുന്നു.

2021ൽ കൊവിഡ് ബാധിച്ചെങ്കിലും മൂന്നാഴ്ചത്തെ പോരാട്ടത്തിനൊടുവിൽ വൈറസിനെ കീഴ്പ്പെടുത്തി. കൊവിഡിനെ കീഴ്പ്പെടുത്തിയ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കാഡും ആൻഡ്രെ മുത്തശ്ശിക്കാണ്. സ്പാനിഷ് ഫ്ലൂ മഹാമാരിയും രണ്ട് ലോകയുദ്ധങ്ങളും കണ്ട വ്യക്തികൂടിയാണ് ആൻഡ്രെ.

ആൻഡ്രെ മുത്തശ്ശിയുടെ മരണത്തോടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് സ്പാനിഷ് വംശജ മരിയ ബ്രാന്യാസ് മൊറേറയ്ക്കാണ്. 115 വയസും 320 ദിവസവുമാണ് മരിയയുടെ പ്രായം. അതേ സമയം, ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തിയെന്ന റെക്കാഡ് ഫ്രഞ്ച് പൗരയായ ജീൻ ലൂയി കാൽമെന്റിനാണ്. 1875 ഫെബ്രുവരി 21ന് ജനിച്ച ജീൻ 122ാം വയസിലാണ് അന്തരിച്ചത്.

 ആൻഡ്രെ മുത്തശ്ശിയെ കാത്ത ചോക്ലേറ്റും വൈനും

 രാവിലെ 7 മണിക്ക് ഉണരും

 പ്രഭാത ഭക്ഷണം മുടക്കമില്ലാതെ കൃത്യ സമയത്ത്

 ഇഷ്ടമുള്ളതെന്തും കഴിക്കും

 പ്രത്യേക ഡയറ്റിംഗ് രീതിയില്ല

 ചോക്ലേറ്റും വൈനും ഏറെയിഷ്ടം

 ദിവസവും ഒരു ഗ്ലാസ് വൈൻ പതിവ്

Advertisement
Advertisement