തോക്കുമായി മൂന്ന് മോഷ്ടാക്കൾ; കാവലായി രണ്ട് പൊലീസുകാരികൾ, ഒടുവിൽ പേടിച്ചോടി കള്ളൻമാർ, സംഭവിച്ചത് ഇങ്ങനെ

Thursday 19 January 2023 11:58 AM IST

പാട്‌ന: ബാങ്ക് കൊള്ളയടിക്കാനെത്തിയ മൂന്ന് മോഷ്ടാക്കളെ തുരത്തിയോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനപ്രവാഹം. ബീഹാറിലെ ഹജിപൂരിൽ ഇന്നലെയാണ് സംഭവം നടന്നത്. സെന്ദൗരി ചൗക്കിലെ ഉത്തർ ബീഹാർ ഗ്രാമീൺ ബാങ്കിൽ രാവിലെ പതിനൊന്നോടെയാണ് മോഷണശ്രമം നടന്നത്.

ജൂഹി കുമാരി, ശാന്തി കുമാർ എന്നീ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ബാങ്കിന്റെ പ്രവേശനകവാടത്തിൽ ഇരിക്കവേയാണ് മൂന്നു മോഷ്ടാക്കൾ ബാങ്കിലെത്തിയത്. ബാങ്കിലെന്തെങ്കിലും ചെയ്യാനുണ്ടോയെന്ന് ചോദിച്ചപ്പോൾ അവർ ഉണ്ടെന്ന് പറഞ്ഞു. പിന്നാലെ പാസ്‌ബുക്ക് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവരിലൊരാൾ തോക്ക് പുറത്തെടുത്തെന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ ജൂഹി പറഞ്ഞു. തുടർന്ന് രണ്ടുപേരും ചേർന്ന് മോഷ്ടാക്കളെ നേരിടുകയായിരുന്നു. പിന്നാലെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളഞ്ഞന്നും ഇവർ വ്യക്തമാക്കി.

മോഷ്ടാക്കൾ തങ്ങളുടെ തോക്ക് കൈക്കലാക്കാൻ ശ്രമിച്ചതായും വനിതാ പൊലീസ് ഉദ്യോഗസ്ഥരിലൊരാളായ ശാന്തി പറഞ്ഞു. എന്നാൽ എന്ത് സംഭവിച്ചാലും ബാങ്ക് കൊള്ളയടിക്കാനോ തങ്ങളുടെ തോക്ക് കൈക്കലാക്കാനോ മോഷ്ടാക്കളെ അനുവദിക്കില്ലെന്ന് നിശ്ചയിച്ചിരുന്നു. ജൂഹി തോക്ക് എടുക്കുകയും വെടിവയ്ക്കാൻ ഒരുങ്ങുകയും ചെയ്തപ്പോഴാണ് അവർ കടന്നതെന്നും ശാന്തി കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥർ അസാമാന്യ ധൈര്യമാണ് കാണിച്ചത്. മോഷ്ടാക്കളെ തുരത്തിയോടിക്കുകയും ചെയ്തു. വെടിവയ്പ്പും ഉണ്ടായില്ല. വനിതാ ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓം പ്രകാശ് പറഞ്ഞു.

Advertisement
Advertisement