മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ രണ്ട് പാസഞ്ചർ ട്രെയിനുകൾ പിടിച്ചിട്ടു; വിമർശനം, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി

Thursday 19 January 2023 12:47 PM IST

പാട്‌ന: ബീഹാർ മുഖ്യന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി രണ്ട് പാസഞ്ചർ ട്രെയിനുകൾ നിർത്തിയിട്ടതിൽ വിമർശനം. നിതീഷ് കുമാറിന്റെ യാത്രയ്ക്ക് വേണ്ടി കഴിഞ്ഞ ബുധനാഴ്ച ബുക്‌സാർ ജില്ലയിലാണ് ട്രെയിനുകൾ നിർത്തിയിട്ടത്. പാട്‌ന-ബുക്‌സാർ പാസഞ്ചർ, കാമഖ്യ-ഡൽഹി എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടത്.

ബുക്‌സാർ റെയിൽവേ സ്റ്റേഷനിലെ കിഴക്കൻ ഇതാദി റെയിൽവേ ക്രോസിംഗിലൂടെയാണ് വാഹനവ്യൂഹം കടന്നുപോയത്. സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്ര മന്ത്രിയും ബുക്‌സാർ എം പിയുമായ അശ്വിനി കുമാർ ചൗബേ മുഖ്യമന്ത്രിയെ വിമർശിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ അര മണിക്കൂറോളം ട്രെയിനുകൾ നിർത്തിയിട്ടതായി ചൗബേ ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞവർഷം, വിദ്യാഭ്യാസ മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ തമിഴ്‌നാട് കുംഭകോണത്ത് ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ പിടിച്ചിട്ടത് ഏറെ വിവാദമായിരുന്നു. സൈറൺ മുഴക്കിനിൽക്കുകയായിരുന്ന ആംബുലൻസിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതാണ് സംഭവം വിമർശനം ഏറ്റുവാങ്ങാൻ കാരണമായത്.

Advertisement
Advertisement