നിവിൻ ചിത്രം വീണ്ടും ദുബായിൽ ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിൽ നിവിൻ
ലീഡ്.... നിർമ്മാണം ലിസ്റ്റിൻ സ്റ്റീഫൻ
ജനഗണമനയ്ക്കുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത ആഴ്ച ദുബായിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പത്തുദിവസത്തെ ചിത്രീകരണമാണ് ദുബായിൽ പ്ളാൻ ചെയ്യുന്നത്. തുടർ ചിത്രീകരണം കേരളത്തിൽ നടക്കും. അതേസമയം ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുന്നു. പൂർണമായി ദുബായ് പശ്ചാത്തലത്തിലാണ് നിവിൻ - ഹനീഫ് അദേനി ചിത്രം ഒരുങ്ങുന്നത്. കഥാപാത്രത്തിനുവേണ്ടി നിവിൻ 15 കിലോ ശരീരഭാരം കുറച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു.വിനയ് ഫോർട്ട്, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഗണപതി, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിഷ്ണു തണ്ടാശേരി ഛായാഗ്രഹണം നിർവഹിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻപോളിയും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജനഗണമന പോയവർഷം 50 കോടി ക്ളബിൽ ഇടം നേടിയ ചിത്രമായിരുന്നു. മികച്ച വിജയം നേടിയ ക്വീനുശേഷം ഡിജോ സംവിധാനം ചെയ്ത ചിത്രം ആണ് ജനഗണമന.പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം.