അനുമോളുടെ തമിഴ് വെബ് സീരീസ് അയാലി

Friday 20 January 2023 12:28 AM IST

മലയാളത്തിന്റെ പ്രിയതാരം അനുമോൾ, അഭി നക്ഷത്ര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് വെബ് സീരിസ് അയാലി 26ന് പുറത്തിറങ്ങും. സ്ത്രീകളെ അടിച്ചമർത്തുന്ന, ഭയാനകമായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്ക് സഞ്ചരിക്കുന്ന തമിഴ് എന്ന പെൺകുട്ടിയുടെയും കുറുവമ്മാൾ എന്ന അമ്മയുടെയും ജീവിതമാണ് എട്ട് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന വെബ് സീരിസിന്റെ പ്രമേയം. നവാഗതനായ മുത്തുകുമാറാണ് സംവിധാനം. സീ 5 ഒറിജിനൽസിലാണ് സ്ട്രീമിങ്. പുതുക്കോട്ടൈ തമിഴ് ശൈലിയിൽ അനുമോൾ തന്നെയാണ് കുറുവമ്മാൾ എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്. ഇതാദ്യമാണ് തമിഴിൽ അനുമോൾ ഡബ്ബ് ചെയ്യുന്നത്. മഥൻ, ലിങ്ക, സിങ്കാംപുലി, ധർമ്മരാജ്, ലവ്‌ലിൻ, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.എസ്‌ട്രെല്ല പ്രൊഡക്ഷൻന്റെ ബാനറിൽ കുഷ്മാവതി ആണ് നിർമ്മാണം. അതേസമയം തമിഴിൽ അനുമോൾ ഒരുനാൾ ഇരവിൽ, തിലഗർ, കണ്ണുക്കുള്ളൈ, രാമർ, സൂറൻ, മഗ്‌ഴ്ചി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷിനൊപ്പം ഫറാന ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.മലയാളത്തിൽ ത തവളയുടെ ത,പെൻഡുലം എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്. ആദ്യമായി അഭിനയിച്ച സംസ്‌കൃത ചിത്രം തയ നിരവധി അവാർഡുകളും കരസ്ഥമാക്കി.