മൂന്നാം വിവാഹമില്ലെന്ന് ജയസുധ

Friday 20 January 2023 12:32 AM IST

64-ാം വയസിൽ മൂന്നാം വിവാഹത്തിന് താൻ ഒരുങ്ങുന്നുവെന്ന പ്രചാരണങ്ങളെ തള്ളി തെന്നിന്ത്യൻ താരം ജയസുധ. അടുത്തിടെ ജയസുധ പങ്കെടുത്ത പരിപാടികളിലെല്ലാം താരത്തിനൊപ്പം അജ്ഞാതനായ ഒരു വിദേശി ഉണ്ടായിരുന്നു. ഇതേ ചുറ്റിപ്പറ്റി പുതിയ കഥകൾ വന്നതോടെയാണ് മൂന്നാം വിവാഹം ഉണ്ടാകുമെന്ന വാർത്തകൾ രൂപപ്പെട്ടത്.

ഫിലിപ്പ് റൂവൽസ് എന്നാണ് പേര്. എന്റെ ജീവിതചരിത്രം സിനിമയാക്കാനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. സിനിമമേഖലയിലെ എന്റെ പ്രാധാന്യത്തെക്കുറിച്ചാണ് എല്ലാ പരിപാടികളിലും എന്നോടൊപ്പം പങ്കെടുക്കുന്നത്. ജയസുധ പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വഡെ രമേശിന്റെ ഭാര്യ സഹോദരൻ കാക്കർപുടി രാജേന്ദ്ര പ്രസാദുമായാണ് ജയസുധയുടെ ആദ്യവിവാഹം. ആ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല. വിവാഹ മോചിതയായ ശേഷം 1985 ൽ നടൻ ജിതേന്ദ്രയുടെ ബന്ധുവായ നിതിൻ കപൂറിനെ വിവാഹം ചെയ്തു. ഇൗ ബന്ധത്തിൽ രണ്ട് ആൺ മക്കളുണ്ട്. 2017 ൽ നിതിൻ കപൂർ മരിച്ചു. എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത രാസലീല എന്ന ചിത്രത്തിലൂടെയാണ് ജയസുധ മലയാളത്തിലേക്ക് എത്തുന്നത്. റോമിയോ, മോഹിനിയാട്ടം, ശിവരഞ്ജിനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി സരോവരം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇഷ്ടം സിനിമയിൽ നെടുമുടി വേണുവിന്റെ കാമുകിയുടെ വേഷത്തിലൂടെയാണ് ജയസുധ കൂടുതൽ പരിചിതയായത്. വിജയ് ചിത്രം വാരിസ് ആണ് അവസാനം തിയേറ്ററിൽ എത്തിയ തമിഴ് ചിത്രം. വാരിസിൽ വിജയ്‌യുടെ അമ്മ വേഷമാണ് അവതരിപ്പിച്ചത്.