ലൈംഗിക ആഭിമുഖ്യമോ സോഷ്യൽ മീഡിയ പോസ്റ്റുകളോ ജഡ്ജി നിയമനത്തിന് മാനദണ്ഡമല്ല,​ കേന്ദ്രം തിരിച്ചയച്ച പേരുകൾ വീണ്ടും ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം

Thursday 19 January 2023 8:23 PM IST

ന്യൂഡൽഹി : അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ സോഷ്യൽ മീഡിയ പോസ്റ്റുകളോ ജഡ്ജി നിയമനത്തിന് മാനദണ്ഡമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി കൊളീജിയം. ഇതിന്റെ പേരിൽ നിയമനം തടയാനാകില്ലെന്നും കൊളീജിയം അറിയിച്ചു. നേരത്തെ ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം തിരിച്ചയച്ച പേരുകൾ കൊളീജിയം വീണ്ടും ശുപാർശ ചെയ്യുകയും ചെയ്തു.

സ്വവർഗാനുരാഗിയായ സൗരബ് കൃപാലിന് ജഡ്ജി സ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്ന് കൊളീജിയം വ്യക്തമാക്കി. കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം കേന്ദ്രം മടക്കിയ സാഹചര്യത്തിലാണ് കൊളീജിയം നിലപാട് കടുപ്പിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ സോമശേഖർ സുന്ദരേശന്റെ പേരും കൊളീജിയം വീണ്ടും ശുപാർശ ചെയ്തു.

ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാൻ പൗരന് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവച്ചിട്ടില്ലെന്നും കൊളീജിയം വ്യക്തമാക്കി. കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളിൽ അഭിപ്രായം പ്രകടിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് സോമശേഖർ സുന്ദരേശനെ ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത്. എല്ലാ പൗരൻമാർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകിയിട്ടുണ്ട്. ആ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ ജഡ്ജി സ്ഥാനം നിഷേധിക്കാനാകില്ലെന്നും കൊളീജിയം വ്യക്തമാക്കി. അഭിഭാഷകരായ അമിതേഷ് ബാനർജി,​ സാക്യ സെൻ എന്നിവരെ കൊൽക്കത്ത ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്രത്തിന് കൈമാറാനുിം കൊളീജിയം തീരുമാനിച്ചു.