35 ശതമാനം വേതനവും മുടങ്ങി; തൊഴിലാളികളെ പട്ടിണിക്കിട്ട് എൻ.ടി.സി

Thursday 19 January 2023 8:54 PM IST

കണ്ണൂർ: കൊവിഡ്കാലത്ത് അടച്ച രാജ്യത്തെ നാഷണൽ ടെക്‌സ്‌റ്റൈൽ കോർപ്പറേഷനു കീഴിലെ തുണിമില്ലുകളിലെ തൊഴിലാളികൾക്ക് നൽകിയിരുന്ന 35 ശതമാനം വേതനം കൂടി മുടങ്ങിയതോടെ മുഴുപ്പട്ടിണിയിലായി.കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്ത 35 ശതമാനം വേതനമാണ് മൂന്നു മാസമായി നിലച്ചത്.

വിരമിക്കുന്നവർക്കുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യവുമില്ല. താൽക്കാലികക്കാരായ പതിനായിരത്തോളം തൊഴിലാളികൾക്ക് മിൽ അടച്ചതു മുതൽ ഒരുരൂപപോലും സഹായം ലഭിച്ചിട്ടില്ല.കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയം ഫണ്ട് അനുവദിച്ചാലേ മില്ലുകൾ തുറക്കൂവെന്നാണ് നാഷണൽ ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ നിലപാട്. കെട്ടിക്കിടക്കുന്ന നൂൽ വിറ്റാലുടൻ തുറക്കുമെന്നായിരുന്നു രാജ്യസഭയിൽ ടെക്‌സ്‌റ്റൈൽ മന്ത്രിയുടെ വാക്ക്. നൂൽ വിറ്റിട്ടും മില്ലുകൾ തുറന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ തുറന്ന വിജയമോഹിനിയും കണ്ണൂർ മില്ലും വോട്ടെണ്ണൽ കഴിഞ്ഞതോടെ വീണ്ടും അടച്ചു. മിൽ തുറക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യഗ്രഹമടക്കം പല സമരങ്ങളും നടന്നെങ്കിലും കേന്ദ്രസർക്കാർ കണ്ണുതുറക്കുന്നില്ല. വർഷങ്ങളായി ഉപയോഗിക്കാതെ മില്ലിലെ മെഷീനുകൾ തുരുമ്പെടുക്കുകയാണ്.

ഇന്ത്യയിൽ ആകെ- 23 മില്ലുകൾ

തൊഴിലാളികൾ 7200

സംസ്ഥാനത്തെ എൻ.ടി.സി മില്ലുകൾ

കാനന്നൂർ സ്പിന്നിംഗ് ആന്റ് വീവിംഗ് മിൽ കക്കാട്, കണ്ണൂർ , വിജയമോഹിനി മിൽസ് പൂജപ്പുര, അളഗപ്പ ടെക്സ്റ്റയിൽ കൊച്ചിൻ മിൽസ് ലിമിറ്റഡ്, തൃശ്ശൂർ, കേരള ലക്ഷ്മി മിൽസ് ലിമിറ്റഡ് തൃശ്ശൂർ

ആസ്തി ഒരു ലക്ഷം കോടി

ഒരു ലക്ഷം കോടിരൂപയിലധികം മൂല്യംവരുന്ന ആസ്തി നിലവിൽ എൻ.ടി.സി മില്ലുകൾക്കുണ്ട്. ഇതിൽ കണ്ണും നട്ടാണ് കേന്ദ്രം നീങ്ങുന്നത്. ആസ്തികൾ വിറ്റ് പണം കണ്ടെത്താനോ താൽപര്യമുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് മില്ലുകൾ കൈമാറാനോ ആണ് ആലോചന. എൻ.ടി.സി മില്ലുകളിൽ റിലയൻസ് നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

അതൃപ്തി സ്വകാര്യമേഖലയിലും

തമിഴ്നാട്ടിലും മറ്റും പ്രവർത്തിക്കുന്ന സ്വകാര്യ തുണിമില്ലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. തിരുപ്പൂരിലെ തുണിമില്ലുകൾ ഇന്നലെ മുതൽ അടച്ചുപൂട്ടി തൊഴിലാളികൾ സമരത്തിലാണ്. കോട്ടൺ, ചണം, ഫൈബർ, കമ്പിളി വിപണികൾ സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലുമാണ്.

കയറ്റുമതി രംഗത്ത് മാന്ദ്യവും വിൽപ്പനയിൽ ഇടിവുമുണ്ടായതോടെ ഉൽപ്പാദനം കുറച്ചാണ് തുണിമില്ല് വ്യവസായം പിടിച്ചുനിന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നത്. ഈ നില തുടർന്നാൽ പൊതുമേഖലയിലെ മാത്രമല്ല, സ്വകാര്യമേഖലയിലെ തുണിമില്ലുകളും അടച്ചു പൂട്ടേണ്ടി വരും-

എ.കെ. പദ്മനാഭൻ,​ദേശീയ വൈസ് പ്രസിഡന്റ്, സി. ഐ.ടി.യു

Advertisement
Advertisement