അർബൻ നിധി നിക്ഷേപ തട്ടിപ്പ്: മുൻകൂർ ജാമ്യമില്ല,രണ്ടാം പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

Thursday 19 January 2023 9:23 PM IST

തലശ്ശേരി: കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയതോടെ രണ്ടാം പ്രതി ആന്റണി സണ്ണിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി.സമാന്തര സാമ്പത്തിക മേഖല സൃഷ്ടിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ. അജിത്ത് കുമാറിന്റെ വാദം അംഗീകരിച്ചാണ് കോടതി രണ്ടാംപ്രതിയെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രധാന പ്രതിക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള വാദവും കോടതി അംഗീകരിച്ചു.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ച 350 ഓളം പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. കള്ളം പണം വെളുപ്പിക്കാൻ കണ്ണൂർ അർബൻ നിധിയും സഹ സ്ഥാപനമായ എനി ടൈം മണിയും ഡയറക്ടർമാർ ഉപയോഗിച്ചോ എന്ന കാര്യവും പരിശോധിക്കുകയാണ് . ഇതിനിടെ കൂടുതൽ ജീവനക്കാരെയും ഒളിവിൽ പോയ എനി ടൈം മണിയുടെ ഡയറക്ടർ ആന്റണിയെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലായിരുന്നു മുൻകൂർ ജാമ്യാപേക്ഷ കോടതിയ്ക്ക് മുന്നിൽ എത്തിയത്. കേസിലെ പ്രതികളായ തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പൊലീസ്

അർബൻ നിധി കേസിൽ പൊലിസ് കണ്ടെത്താത്ത കാര്യങ്ങളാണ് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ടൗൺ ഇൻസ്‌പെക്ടർ പി.എ.ബിനുമോഹൻ കേരള കൗമുദിയോട് പറഞ്ഞു. പ്രതികളുടെ അന്താരാഷ്ട്ര ബന്ധവും ഹവാലാ ഇടപാട് തുടങ്ങിയ കാര്യങ്ങളൊക്കെ കൂടുതലും സാങ്കൽപികമാണ്. ഇത് നിക്ഷേപകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അന്വേഷണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനായി റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.