സെക്കൻഡ് ഷോ കാണാനെത്തിയ ആളുടെ ഓട്ടോറിക്ഷയുമായി യുവാക്കൾ കടന്നു; കാരണം കേട്ട് ഞെട്ടി പൊലീസ്

Thursday 19 January 2023 9:36 PM IST

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ തിയേറ്റർ പരിസരത്ത് നിന്ന് ഓട്ടോ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. ചേലാമറ്റം സ്വദേശികളായ ഫെെസൽ, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവാഴ്ച തിയേറ്ററിൽ സെക്കൻഡ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്.

തിയേറ്ററിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുമായി പ്രതികൾ കടന്നുകളയുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഓട്ടോയും പിടിച്ചെടുത്തു. കൂടുതൽ മോഷണം നടത്താൻ യാത്ര സൗകര്യത്തിനായാണ് ഓട്ടോ മോഷ്ടിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

പെരുമ്പാവൂരിൽ ഒരു മാസത്തിലേറെയായി വാഹന മോഷണം പതിവാണ്. ഇതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കഞ്ചാവ് വിൽപന, മോഷണം ഉൾപ്പെടെ 15 കേസുകളിലെ പ്രതിയാണ് ഫെെസൽ. രണ്ടു വർഷത്തോളം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.