ചെറുതാഴം ഡോക്ടർ പൽപ്പു സ്മാരകത്തിന് മുന്നിൽ സ്ഥാപിക്കും: ഗുരുദേവശില്പമൊരുങ്ങി കെ.കെ.ആർ വെങ്ങരയുടെ പണിപ്പുരയിൽ

Thursday 19 January 2023 9:41 PM IST

പഴയങ്ങാടി:ചെറുതാഴത്തെ ഡോക്ടർ പൽപ്പു സ്മാരക മന്ദിരത്തിനു മുന്നിൽ സ്ഥാപിക്കുവാനുള്ള ശ്രീനാരായണ ഗുരുദേവന്റെ അഞ്ചടി ഉയരമുള്ള പൂർണകായ ശില്പം ശിൽപിയും ചിത്രകാരനുമായ കെ.കെ.ആർ.വെങ്ങരയുടെ പണിപ്പുരയിൽ പൂർത്തിയായി. ഫൈബർ ഗ്ലാസിലുള്ള ശിൽപം 22ന് രാവിലെ ചെറുതാഴം എസ്.എൻ.ഡി.പി.യോഗം സെക്രട്ടറി ഡി.രാജൻ ശിൽപം അനാഛാദനം ചെയ്യും.

.നാൽപത് വർഷങ്ങളായി ചിത്ര ശിൽപ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ കെ.കെ.ആർ വെങ്ങര. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴിമലയിലെ ഹനുമാൻ പ്രതിമ,​വിഖ്യാത എഴുത്തുകാരനായ എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെ ആധാരമാക്കി നൂറടി നീളത്തിൽ ചെയ്ത മാഹി പാർക്കിലെ റിലീഫ് ശിൽപങ്ങൾ,​ മുത്തപ്പന്റെ മിത്തിനെ ആധാരമാക്കി വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ചെയ്ത നൂറ്റിരൂപതടി നീളമുള്ള ശിൽപങ്ങൾ,​കണ്ണൂരിലെ സമാധാന പ്രാവ്,​ ഗാന്ധിജി. എ.കെ.ജി,​ ഇന്ദിരാ ഗാന്ധി,​ മാർക്സ് ,​ രാജീവ് ഗാന്ധി എന്നിവ ഒരുക്കിയിട്ടുണ്ട്.

പെരളശ്ശേരിയിലെ ശിൽപാലംകൃതമായ എ.കെ.ജിയുടെ സ്മൃതികുടീരവും പയ്യന്നൂരിൽ സുബ്രഹ്മണ്യ ഷേണായിയുടെ സ്മൃതികുടീരവുമടക്കം നിരവധി സ്മാരകങ്ങളും വെങ്ങര രൂപകൽപന ചെയ്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ചിത്രകലാ പരിഷത്ത് തുടങ്ങിയ സംഘടനകളുടെ ക്യാമ്പുകളിലും പ്രദർശനങ്ങളിലും പങ്കാളിയായിട്ടുണ്ട്. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ചിത്രപദർശനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. നിരവധി അംഗീകാരങ്ങൾ കലാദ്ധ്യാപകനായിരുന്ന കെ.കെ.ആർ വെങ്ങരയെ തേടിയെത്തിയിട്ടുണ്ട്.