 ഗുണ്ടാബന്ധമുള്ള ഡിവൈ.എസ്.പിമാർ തെറിച്ചു ഗുണ്ടകളുമായി അവിശുദ്ധ ബന്ധം , പണപ്പിരിവ്, ഭൂമിയിടപാടിന് മദ്ധ്യസ്ഥത

Friday 20 January 2023 9:50 PM IST

തിരുവനന്തപുരം: ഗുണ്ടാ-മാഫിയാ ബന്ധം കണ്ടെത്തി സർക്കാർ സസ്‌പെൻഡ് ചെയ്‌ത ഡിവൈ.എസ്.പിമാരായ കെ.ജെ.ജോൺസൺ (ക്രൈം ഡിറ്റാച്ച്മെന്റ്, തിരുവനന്തപുരം റൂറൽ), എം.പ്രസാദ് (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1,വിജിലൻസ്) എന്നിവർ ഗുണ്ടകളുമായി ചങ്ങാത്തമുണ്ടാക്കി സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ് ആഭ്യന്തര വകുപ്പ് കണ്ടെത്തിയത്.

തലസ്ഥാനത്ത് വൻ സ്വാധീനമുള്ള രണ്ട് ഡിവൈ.എസ്.പിമാരായിരുന്നു ഇരുവരും. പാറശാലയിൽ ഷാരോണിനെ കാമുകി ഗ്രീഷ്‌മ കഷായത്തിൽ വിഷം ചേർത്തുനൽകി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച് പ്രശംസ നേടിയ ഉദ്യോഗസ്ഥനാണ് ജോൺസൻ. ആഡംബര ഹോട്ടലിൽ നടന്ന ജോൺസന്റെ മകളുടെ പിറന്നാളാഘോഷത്തിന്റെ ചെലവ് വഹിച്ചത് പുറമെ നിന്നുള്ളവരാണെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ആഘോഷത്തിനായി 50,000 രൂപ നിതിൻ വാങ്ങിയെന്ന് പ്രവാസിയായ രാഹുൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. നഗരത്തിലെ പുത്രി കൺസ്ട്രക്ഷൻ ഉടമയാണ് നിതിൻ.

തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുടെ ഉറ്റചങ്ങാതിമാരായിരുന്ന ഇരുവരും ഗുണ്ടാനേതാക്കൾ ഉൾപ്പെട്ട റിയൽഎസ്റ്റേറ്റ് ഇടപാടുകളിലെ തർക്കം തീർക്കാൻ മദ്ധ്യസ്ഥരായിരുന്നു. കഴി‍ഞ്ഞയാഴ്ച പാറ്റൂരിൽ ഓംപ്രകാശിന്റെ ഗുണ്ടാസംഘം മുട്ടട സ്വദേശി നിതിനെയും സംഘത്തെയും വെട്ടിയ കേസിന്റെ അന്വേഷണത്തിലാണ് ഡിവൈ.എസ്.പിമാരുടെ അവിശുദ്ധ കൂട്ടുകെട്ട് വെളിച്ചത്തായത്. ഇരുവരും നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ ഉറ്റചങ്ങാതിമാരാണെന്നും ക്വട്ടേഷനുകൾക്കടക്കം വിവരങ്ങൾ ചോർത്തി നൽകാറുണ്ടായിരുന്നെന്നും ഫോൺരേഖകളടക്കം പരിശോധിച്ച് ഇന്റലിജൻസ് കണ്ടെത്തി. തെളിവുകൾ സഹിതം പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മുന്നിലെത്തിയതോടെ ഇരുവരുടെയും തൊപ്പി തെറിച്ചു. ഈസ്റ്റ് ഫോർട്ടിലെ ലോഡ്ജിൽ ഭൂമാഫിയ തലവന്മാരുമായി അഭിലാഷ് ഡേവിഡും ഡിവൈ.എസ്.പിമാരും മദ്യസത്കാരം നടത്തിയതിന്റെ വിവരങ്ങളും ഇന്റലിജൻസ് കണ്ടെടുത്തത് നിർണായകമായി.

നിതിന്റെ ഉറ്റസുഹൃത്തായ ഡിവൈ.എസ്.പി പ്രസാദിനുവേണ്ടി പലവട്ടം പാർട്ടികൾ നടത്തിയതായും രാഹുൽ ആരോപിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചുള്ള സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം കൂടി നടത്തിയ ശേഷമാണ് നടപടിയെടുത്തത്. ഭൂമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ പൊലീസ് സി.ഐ അഭിലാഷ് ഡേവിഡിനെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു.

എറണാകുളം വൈറ്റിലയിൽ വിൽക്കാനിട്ടിരുന്ന ഫ്ലാറ്റ് വാങ്ങാനായി രാഹുൽ ഫ്ലാറ്റുടമയ്‌ക്ക് 10 ലക്ഷം രൂപ അഡ്വാൻസായി നൽകിയിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷം ഫ്ലാറ്റ് വിൽക്കുന്നില്ലെന്ന് അറിയിച്ചു. അഡ്വാൻസ് തുക തിരികെ നൽകിയതുമില്ല. പണം തിരികെ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് നിതിൻ രാഹുലിനെ സമീപിച്ചത്. ഈ ബന്ധത്തിനിടയിലാണ് നിരവധി തവണ പൊലീസ് ഉദ്യോഗസ്ഥർക്കായി പാർട്ടി നടത്തിച്ചത്. നിതിൻ തന്റെ കൈയിൽ നിന്ന് കടംവാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ മദ്യസത്കാര പാർട്ടിയിൽ വിളിച്ചുവരുത്തി ഡിവൈ.എസ്.പി മാരുടെയും സി.ഐയുടെയും സാന്നിദ്ധ്യത്തിൽ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മുദ്രപത്രത്തിൽ ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നെന്നാണ് രാഹുൽ വെളിപ്പെടുത്തിയത്.

ജോലി പൊലീസിൽ,

കൂറ് ഗുണ്ടകളോട്

ഗുണ്ടാസംഘങ്ങളുടെ ഭൂമിയിടപാടുകൾക്ക് മദ്ധ്യസ്ഥരാവുകയും പരാതിക്കാരെ

ഭീഷണിപ്പെടുത്തുകയും പരാതികൾ സ്വീകരിക്കാതിരിക്കുകയും ചെയ്‌തവരെയാണ് സസ്പെൻഡ് ചെയ്തത്.

ത​ല​സ്ഥാ​ന​ത്ത് ആ​വ​ർ​ത്തി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും​ പ്ര​തി​ക​ളാ​യ​ ഗു​ണ്ടാ​നേ​താ​ക്ക​ളെ​ പി​ടി​ച്ചി​ല്ല​.

ഇ​വ​ർ​ക്ക് ഒ​ളി​വി​ൽ​ പോ​കാ​ന​ട​ക്കം​ പൊ​ലീ​സി​ന്റെ​ സ​ഹാ​യം​ ല​ഭി​ച്ചി​ട്ടുണ്ട്.

ഗുണ്ടാവേട്ടയുടെ രഹസ്യങ്ങൾ ചോർത്തിയും എതിർസംഘങ്ങളെ ജയിലിലടച്ചും

കരുതൽ തടങ്കലും നാടുകടത്തലും ഒഴിവാക്കിയുമാണ് ഗുണ്ടാച്ചങ്ങാത്തം