വ്യത്യസ്തവും മാരകവുമായ ഒരു ഭക്ഷ്യവിഷബാധ!

Friday 20 January 2023 12:00 AM IST

ഭക്ഷ്യവിഷബാധയാണല്ലോ കേരളം മുഴുവൻ പ്രശ്നവും വാർത്തയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് !

പൊതുവെ മാംസാഹാരം പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ഭക്ഷണം വിഷമാകുന്നതും ബാധയാകുന്നതും!

എന്നാൽ വർഷങ്ങൾക്ക് മുമ്പ് സസ്യാഹാരം മാത്രം വിളമ്പുന്ന ഒരു നാടൻ ചായക്കടയിൽ എനിക്കുണ്ടായ ഒരു പ്രത്യേകതരം ഭക്ഷ്യവിഷബാധയെക്കുറിച്ച് ഇത്തരുണത്തിൽ ഓർത്തുപോകുകയാണ്.

വർഷങ്ങൾക്കു മുമ്പ് ഒരു ഗ്രാമപ്രദേശത്തെ കൊച്ചാശുപത്രിയിൽ താത്‌കാലികമായി ഡോക്ടർ ജോലിയിൽ പ്രവേശിച്ച കാലം ! ഭക്ഷണം കഴിക്കാൻ നല്ലൊരു ഹോട്ടൽ വേണം. ആശുപത്രി മാനേജരാണ് അപ്പുഅണ്ണന്റെ ചായക്കട സജസ്റ്റ് ചെയ്തത്!

ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കുന്ന എനിക്ക് മൂന്ന് നേരവും വയറിന് പണികിട്ടാതെ ധൈര്യമായിട്ട് ആഹാരം കഴിക്കാൻപറ്റിയ തൊട്ടടുത്തുള്ള സ്ഥാപനം അതായിരുന്നു, മാനേജരുടെ ഗ്യാരന്റി.

ആദ്യ ദിവസം രാവിലെ ആ ചായക്കടയിലെ അത്യന്തം രുചികരമായ നാടൻ കാപ്പികുടിയ്ക്ക് ശേഷം അപ്പുഅണ്ണൻ ഇങ്ങനെ പറഞ്ഞു.

'ഡോക്ടർ ഒരു പന്ത്രണ്ടര മണിയോടെ വരണം. ഒട്ടും തിരക്കുണ്ടാവില്ല. നല്ല ചൂടോടെ ശാപ്പിട്ട് പോകാം'.

പ്രാതലിന്റെ രുചിയിൽ മതിമറന്ന് പന്ത്രണ്ടരയ്ക്ക് തന്നെ ഞാൻ ചായക്കടയിൽ ഹാജരായി. അവിടെ ഞാൻ....ഞാൻ മാത്രം!

നന്നായി കഴുകി വെടിപ്പാക്കിയ വാഴയിലയിൽ അപ്പു അണ്ണൻ അവിയൽ , മത്തങ്ങാ തോരൻ , കിച്ചടി, ഇഞ്ചിക്കറി....... ഇതെല്ലാം വളരെ സ്‌നേഹത്തോടെ വിളമ്പി.

ഞാൻ കഴിക്കാൻ തുടങ്ങി!

'ആ മത്തങ്ങാ തോരൻ കഴിക്കൂ ഡോക്ടറേ, നാളെ രാവിലെ പത്തുസെക്കന്റിൽ പോയിക്കിട്ടും!'

ആദ്യമൊന്നു ഞെട്ടി! പിന്നെ ഞാൻ നാണിച്ചു പോയി !

അപ്പു അണ്ണനെ തൃപ്തിപ്പെടുത്താൻ ഞാൻ മത്തങ്ങാ തോരൻ വിഴുങ്ങി .

പെട്ടെന്നായിരുന്നു അപ്പു അണ്ണന്റെ അടുത്ത ഡയലോഗ്!

' അവിയൽ എന്താ തൊടാത്തത്? നാളെ കൃത്യമായി ഒരു പ്രയാസവും കൂടാതെ പോയി കിട്ടും......'

ഞാൻ വിയർക്കാൻ തുടങ്ങി!

എന്റെ അവസ്ഥ ഷെയർ ചെയ്യാൻ പേരിന് ഇവിടെ ഒരാളുപോലുമില്ലല്ലോ !

പിറ്റേന്ന് ഒരൽപ്പം തിരക്കുള്ള സമയത്ത് പ്രാതൽ കഴിക്കാമെന്ന് തീരുമാനിച്ചു. 'ഷിറ്റ്' സംസാരം ഒഴിവാക്കാമല്ലോ!

നല്ല ചൂടോടെയുള്ള ദോശയും പച്ചക്കറികളാൽ സമൃദ്ധമായ സാമ്പാറും രുചിയിൽ കേമമായ ചമ്മന്തിയും കഴിച്ചുകൊണ്ടിരുന്നപ്പോൾ അപ്പുഅണ്ണൻ കുനിഞ്ഞ് രഹസ്യമായി തിരക്കി.

'ഇന്നെങ്ങനെയുണ്ടായിരുന്നു ?'

ചിരിക്കണോ കരയണോ എന്ന മട്ടിലുള്ള മോഹൻലാലിന്റെ മുഖഭാവത്തോടെ ഒ.കെ.യാണെന്ന് ഞാൻ തലയാട്ടി. അപ്പുഅണ്ണന് പെരുത്ത് സന്തോഷം.

പിന്നെയുള്ള പ്രാതലും ഉച്ചയൂണും ജാഗ്രത പാലിച്ച് , കരുതലോടെ......എന്നിട്ടും രക്ഷയില്ല!

വിളമ്പുന്ന ഓരോ കറിയെക്കുറിച്ചുമുള്ള അപ്പുഅണ്ണന്റെ കമന്റുകൾ ....... എല്ലാം ശോധനയെ അടിസ്ഥാനമാക്കിയുള്ളത്...... ഇതെന്നെ വല്ലാതെ വിഷമിപ്പിച്ചു!

കുറച്ചുദിവസത്തിനകം ഒരു കാര്യം ബോദ്ധ്യമായി. എന്നോടുമാത്രമല്ല അപ്പുഅണ്ണന്റെ ഈ ഷിറ്റ് വർത്തമാനം!

'ഇന്നെങ്ങനെയുണ്ടായിരുന്നു മാത്തുക്കുട്ടീ ...... ഗോപാലാ .......മൊയ്തീനേ ? തകർത്തോ ?'

പലരോടും രഹസ്യമായും പരസ്യമായും ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അണ്ണൻ ഇതാവർത്തിക്കുന്നുണ്ടായിരുന്നു!

നിരാശനായെങ്കിലും അപ്പു അണ്ണന്റെ ഈ മാനസികാവസ്ഥ എന്തുകൊണ്ടുണ്ടായി എന്ന് കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു. അതിനായി ഒരു കൊച്ചു ഗവേഷണം തന്നെ നടത്തി.

ഞാൻ ജോലി ചെയ്തിരുന്ന ആശുപത്രി റിക്കോർഡുകളിൽ നിന്ന് അപ്പുഅണ്ണന്റെ കേസ് ഷീറ്റ് തപ്പിയെടുത്തു !

സിനിമാ സ്റ്റൈലിൽ ഞാൻ ഞെട്ടി !

ഓ! മൈ ഗുഡ്‌നെസ്! ഹീ ഈസ് എ കേസ് ഓഫ് ക്രോണിക് കോൺസ്റ്റിപ്പേഷൻ!

ചായക്കടയിൽ അപ്പു അണ്ണന്റെ ഭാര്യ പങ്കജം ചേച്ചി രുചിയോടെ ഉണ്ടാക്കുന്ന അവിയലും മെഴുക്കുപെരട്ടിയും തോരനുമൊക്കെ തോരാതെ കഴിച്ചിട്ടും അണ്ണന്റെ മലബന്ധം മാറുന്നില്ലെന്നും വയറിളകാനുള്ള മരുന്നുകളുടെ സ്ഥിരം ഉപഭോക്താവാണ് അപ്പുഅണ്ണനെന്നും ക്ലിനിക്കൽ റെക്കോഡുകൾ സാക്ഷ്യപ്പെടുത്തി !

നല്ല ഭക്ഷണം.

നല്ല വൃത്തി.

നല്ല സ്‌നേഹം.

നല്ല ദഹനം.

ഇതൊക്കെയാണെങ്കിലും ആത്യന്തികമായി എന്നെ സംബന്ധിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത സ്ഥാപനമായി മാറി അപ്പു അണ്ണന്റെ ചായക്കട !

സ്വന്തമായി ശോധനയില്ലെങ്കിലും മറ്റുള്ളവന്റെ ശോധനയിൽ ആനന്ദം കണ്ടെത്തുന്ന അപ്പുഅണ്ണന്റെ ചായക്കടയിൽ നിന്നും തുടരെത്തുടരെ ഏറ്റ വ്യത്യസ്തമായ ഭക്ഷ്യവിഷബാധയെ തുടർന്ന് ആരോടും യാത്ര പറയാതെ , പരിഭവമില്ലാതെ, ഒരു മാദ്ധ്യമത്തിനും അഭിമുഖം കൊടുക്കാതെ, ഒരു ശോകഗാനത്തിന്റെ പശ്ചാത്തല അകമ്പടിയോടെ ഞാനാ പടികളിറങ്ങി !

(ലേഖകന്റെ ഫോൺ - 9447055050)