പേട്ട സി.ഐയുടെ തൊപ്പി തെറിപ്പിച്ചത് ഗുരുതര സ്വഭാവദൂഷ്യം, ഗുണ്ടാബന്ധം

Friday 20 January 2023 1:04 AM IST

തിരുവനന്തപുരം: ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിന് പുറമെ ഗുരുതരമായ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള പരാതികൾ ശരിയാണെന്ന് കണ്ടെത്തിയതാണ് പേട്ട സി.ഐ റിയാസ് രാജയെ സസ്‌പെൻഡ് ചെയ്യാൻ കാരണമായത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ഇറക്കിയ ഉത്തരവിൽ സ്വഭാവദൂഷ്യങ്ങൾ എണ്ണിപ്പറയുന്നുണ്ട്.

പേട്ട എസ്.എച്ച്.ഒ ആയിരിക്കെ റിയാസ് രാജ വെൺപാലവട്ടത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് സ്വഭാവദൂഷ്യം കാരണം വീട്ടുടമ നിർബന്ധപൂർവം ഒഴിപ്പിച്ചെന്നും ലുലുമാളിനടുത്തെ അനധികൃത മസാജ് സെന്ററിൽ സ്ത്രീയുമായി സന്ദർശിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്‌തിരുന്നു. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഗുണ്ടാലിസ്റ്റിൽ പെട്ടയാളുടെ ഭാര്യയുമായി സി.ഐ സൗഹൃദത്തിലാണെന്നും ഇത് പൊലീസിന് ചേർന്നതല്ലെന്നും ഇന്റലിജൻസും കണ്ടെത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റിയാസിനെ സ്ഥലംമാറ്റണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ശുപാർശ നൽകിയിരുന്നു. ഇതേക്കുറിച്ച് എ.ഡി.ജി.പി എം.ആർ.അജിത്കുമാർ വിശദമായി അന്വേഷിച്ചപ്പോഴാണ് ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയത്.

ഇത്തരം ആരോപണങ്ങൾ ഉയരാനുണ്ടായ സാഹചര്യം സൃഷ്ടിച്ചതിലൂടെ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്ക ലംഘനവുമുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഗുണ്ടാലിസ്റ്റിലുള്ളയാളുടെ ഭാര്യയുമായി പൊലീസ് ഉദ്യോഗസ്ഥന് നിരക്കാത്ത സൗഹൃദം റിയാസ് പുലർത്തി. ഈ സ്ത്രീ മദ്യപിച്ച് പൊതുജനമദ്ധ്യത്തിൽ വച്ച് അവർക്ക് സി.ഐയുമായി ബന്ധമുണ്ടെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഉന്നതതല അന്വേഷണ സംഘത്തിന് മൊഴി നൽകി. പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യമായെന്ന് എ.ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നു.

റിയാസ് രാജയ്ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എസ്. ശ്രീകാന്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരുമായി റിയാസിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തെളിവുകൾ സഹിതം ഇന്റലിജൻസ് കണ്ടെത്തി. ഗുണ്ടകൾക്ക് പൊലീസിലെ ഔദ്യോഗിക വിവരങ്ങൾ ചോർത്തുകയും പല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്യുകയും ചെയ്‌തിരുന്നു. ഏറെക്കാലമായി ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു റിയാസ്.

പിരിച്ചുവിടലിനും പരിഗണിക്കുന്നു

പൊലീസിൽ തുടരാൻ അനുയോജ്യമായ സ്വഭാവശുദ്ധിയില്ലെന്നും റിയാസിനെ പിരിച്ചുവിടലിന് പരിഗണിക്കാവുന്നതാണെന്നും ഡി.ജി.പിക്ക് മുന്നിൽ ശുപാർശയെത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തിയതാണ് കാരണമായി പറയുന്നത്. സ്ഥിരമായി ഗുരുതര കുറ്റം ചെയ്യുന്നവരെ അയോഗ്യനാക്കുകയും പിരിച്ചുവിടുകയും ചെയ്യാനുള്ള സെക്ഷൻ-86പ്രകാരം പിരിച്ചുവിടൽ നടപടി സ്വീകരിക്കാം. 15 തവണ പെരുമാറ്റദൂഷ്യത്തിന് വകുപ്പുതല നടപടിക്ക് ശിക്ഷിക്കപ്പെടുകയും മൂന്നുവട്ടം സസ്‌പെൻഷനിലാകുകയും പീഡനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയും ആറ് ബലാത്സംഗക്കേസുകളിൽ പ്രതിയാവുകയും ചെയ്‌ത ബേപ്പൂർ കോസ്റ്റൽ ഇൻസ്‌പെക്ടറായിരുന്ന പി.ആർ.സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത് ഈ വകുപ്പ് ഉപയോഗിച്ചാണ്. തുടർച്ചയായി കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനാൽ പൊലീസുദ്യോഗസ്ഥന്റെ ചുമതല നിർവഹിക്കാൻ അയോഗ്യനാണെന്നാണ് പൊലീസ് ആസ്ഥാനം വിലയിരുത്തുന്നത്.

നടപടിക്ക് വകുപ്പുകൾ അനവധി

സെക്ഷൻ-29(1)

പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണ്.

സെക്ഷൻ-86(1)(സി)

മാനസികമായോ ശാരീരികമായോ പെരുമാറ്റം കൊണ്ടോ പൊലീസിന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് അയോഗ്യനായാൽ പൊലീസുദ്യോഗസ്ഥനായി തുടരാൻ അർഹതയില്ലാത്തതാണ്.

സെക്ഷൻ-86(3)

അക്രമോത്സുകത, അസാന്മാർഗികത എന്നിവയടങ്ങിയ കുറ്റത്തിന് ശിക്ഷിച്ചതോ, ഈ കുറ്റങ്ങൾക്ക് ക്രിമിനൽ കേസുള്ളതോ ആയവരെ സസ്‌പെൻഡ് ചെയ്‌തശേഷം ഹിയറിംഗ് നടത്തി പിരിച്ചുവിടാം, നീക്കംചെയ്യാം, നിർബന്ധമായി വിരമിപ്പിക്കാം.

സെക്ഷൻ-4

ജനങ്ങളുടെ ജീവൻ,സ്വത്ത്,മനുഷ്യാവകാശം,അന്തസ് എന്നിവ സംരക്ഷിക്കുന്നതിൽ വീഴ്ച.

കുറ്റകൃത്യങ്ങൾ നിയമാനുസൃതം അന്വേഷിക്കുന്നതിൽ വീഴ്ച. പൊലീസ് സേനയുടെ അച്ചടക്കം പാലിച്ചില്ല.

ജനങ്ങളിൽ പൊതു സുരക്ഷിതത്വബോധം ഉറപ്പാക്കിയില്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കിയില്ല.

Advertisement
Advertisement