ഒളിവിലിരുന്ന് വീഡിയോകാൾ, സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയ്ക്കും ഗുണ്ടാ ബന്ധം
തിരുവനന്തപുരം: നാടെങ്ങും ഗുണ്ടകൾ കൈയടക്കിയിരിക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയ്‌ക്കും ഗുണ്ടകളുമായി അടുത്ത ബന്ധം. പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസിലെ പ്രതികൾക്കായുള്ള അന്വേഷണത്തിനിടെയാണ് പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്.
കേസിലെ മുഖ്യപ്രതി ഓംപ്രകാശിന്റെ കൂട്ടാളിയായ ആരിഫാണ് ഒളിവിലിരുന്ന് ഉദ്യോഗസ്ഥയെ പലവട്ടം വീഡിയോ കാൾ വിളിച്ചത്. ഈ വിവരം കിട്ടിയ പൊലീസ് ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തി.
ഫോൺ പരിശോധിച്ചതിൽ നിന്ന് ആരിഫ് ഊട്ടിയിലുണ്ടെന്ന് പൊലീസ് മനസിലാക്കി. ഇതോടൊപ്പം സി.പി.ഐ നേതാവിന്റെ മകളെ കഴിഞ്ഞ ദിവസവും ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പും ആരിഫ് വിളിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുട്ടട സ്വദേശി നിതിനെയും മറ്റ് നാലുപേരെയും തലയ്ക്ക് വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതികളാണ് ആരിഫും ഓംപ്രകാശും. ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കേസിലെ ഒമ്പതു പ്രതികളിൽ അഞ്ചുപേരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അതിനിടെ, ഗുണ്ടാത്തലവൻ ഓംപ്രകാശ് ഡൽഹിയിലെത്തിയെന്ന സൂചനയെ തുടർന്ന് പൊലീസ് സംഘം ഉടൻ അവിടെയെത്തും. പുത്തൻപാലം രാജേഷിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ ചെന്നൈ നഗരത്തിൽ പലയിടത്തും ലഭിച്ചതിനെ തുടർന്ന് അവടത്തെ ഗുണ്ടാ കേന്ദ്രങ്ങളിലൊക്കെ പരിശോധിച്ചെങ്കിലും പിടികൂടാനായില്ല. ഓംപ്രകാശിന്റെയും പുത്തൻപാലം രാജേഷിന്റെയും ആസ്‌തികളെല്ലാം കണ്ടുകെട്ടാൻ നടപടി തുടങ്ങി. പുത്തൻപാലം രാജേഷിന്റെ പേരിൽ സ്വത്തുക്കളില്ലെന്നാണ് പൊലീസ് പറയുന്നത്. താമസം വാടക വീട്ടിലാണ്. നഗരത്തിലെ ഹോട്ടലുകളിലെ ഡി.ജെ പാർട്ടികളെല്ലാം നിയന്ത്രിക്കുന്നത് ഗുണ്ടാത്തലവന്മാരുടെ സംഘമാണെന്നും ഇതിൽ ലഹരി ഇടപാടുണ്ടെന്നും ഇതാണ് സംഘത്തിന്റെ പ്രധാന വരുമാനമെന്നും പൊലീസ് പറയുന്നു.