ലഹരിക്കടത്ത്, നഗ്നചിത്രം : കുറ്റാരെ രക്ഷിക്കാൻ സി.പി.എം ശ്രമമെന്ന് കോൺഗ്രസ്

Friday 20 January 2023 1:12 AM IST
എ.എ.ഷുക്കൂർ

ആലപ്പുഴ: ലഹരിക്കടത്തിലും സ്ത്രീകളുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിലും ഉൾപ്പെട്ട സി.പി.എം നേതാക്കളെ കേസിൽ നിന്ന് ഒഴിവാക്കാൻ സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കരുനാഗപ്പള്ളി ലഹരിക്കടത്തു കേസിൽ കൗൺസിലർ ഷാനവാസിനെതിരെ പൊലീസ് റിപ്പോർട്ട് ലഭിച്ചിട്ടും ഇയാളെ സംരക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഷാനവാസിനെ കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ 23 മുതൽ 25വരെ നഗരസഭയ്ക്കു മുന്നിൽ സത്യഗ്രം നടത്തും. മാഫിയ സംഘങ്ങളുടെ തടവറയിലാണ് സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വം എന്നതിന് തെളിവാണ് ജില്ലയിൽ നടക്കുന്ന സംഭവങ്ങൾ. മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറിയും കുറ്റക്കാരെ സംരക്ഷിക്കാൻ മത്സരിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും ഷുക്കൂർ ആരോപിച്ചു.