കരവിരുതിൽ വിരിയുന്ന കടലാസ് കൗതുകം

Friday 20 January 2023 1:14 AM IST
പത്രക്കടലാസിൽ നിർമ്മിച്ചവ കരകൗശല വസ്തുക്കൾക്ക് നിറം പകരുന്ന ലക്ഷ്മി

മാന്നാർ : പത്രക്കടലാസിൽ വർണവൈവിദ്ധ്യമാർന്ന കരകൗശല വസ്തുക്കൾ നിർമ്മിച്ച് വീട്ടമ്മ ശ്രദ്ധേയയാകുന്നു. മൊബൈൽ സ്റ്റാൻഡ്, പെൻ സ്റ്റാൻഡ്, പുൽക്കൂട്, ഗിഫ്റ്റ് ബോക്സ്, പാവകൾ തുടങ്ങി മനോഹരങ്ങളായ നിരവധി നിർമ്മിതികളാണ് മാന്നാർ കുരട്ടിക്കാട് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിനു സമീപം കുമാർ വിലാസത്തിൽ ലക്ഷ്മി കുമാറിന്റെ കരവിരുതിൽ വിരിയുന്നത്.

ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ വെറുതെയിരുന്ന് മുഷിഞ്ഞപ്പോൾ ഈർക്കിലുകൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിച്ചാണ് തുടക്കം. ഈർക്കിൽ പിന്നീട് പത്രക്കടലാസിന് വഴിമാറി. കടലാസ് ചെറുതായി ചുരുട്ടിയെടുത്ത് പശ ഉപയോഗിച്ച് ചേർത്ത് വച്ചാണ് നിർമ്മാണം. ഇതിലേക്ക് ബ്രഷുപയോഗിച്ച് വർണം പകരുന്നതോടെ ആരെയും കൊതിപ്പിക്കുന്ന രീതിയിലേക്ക് മാറും. ലക്ഷ്മി നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ വിശേഷാവസരങ്ങളിൽ സമ്മാനമായി നൽകുന്നതിനായി നിവധി പേർ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്.

മാന്നാർ മാർക്കറ്റു ജംഗ്‌ഷന്‌ സമീപം ഭർത്താവ് കുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നഫാൻസി സ്റ്റോറിലേക്ക് വീട്ടുജോലികൾ കഴിഞ്ഞെത്തുന്ന ലക്ഷ്മി ഓരോ ദിവസവും വ്യത്യസ്തങ്ങളായ വസ്തുക്കളാണ് പത്രക്കടലാസിൽ നിർമ്മിക്കുന്നത്. ചെറിയൊരു വരുമാനവും ഇതിലൂടെ ലഭിക്കുന്നു. ഒന്നിനും പ്രത്യേകം വില നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ആവശ്യക്കാർ നൽകുന്ന തുക സ്നേഹപൂർവ്വം സ്വീകരിക്കുകയാണ് പതിവ്.

വീടിന്റെ ചുവരുകളിൽ മനോഹരമായ ഡിസൈനുകൾ വരച്ചിടുന്ന ലക്ഷ്മി വിവാഹ വീടുകളിൽ മണവാട്ടികളെ മൈലാഞ്ചി അണിയിക്കാനും പോകാറുണ്ട്. ഭർത്താവ് കുമാറും മക്കളായ പരുമല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥി ജയകൃഷ്ണനും മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്‌കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥി ജഗത് കൃഷ്ണനും ലക്ഷ്മിക്ക് പിന്തുണയുമായി കൂടെയുണ്ട്.