കേന്ദ്രത്തിനെതിരെ കടുപ്പിച്ച് കൊളീജിയം , സ്വവർഗാനുരാഗിക്ക് ജഡ്‌ജിയാകാം

Friday 20 January 2023 4:15 AM IST

കേന്ദ്രം മടക്കിയ നാല് പേരുകൾ തിരിച്ചയച്ച് കൊളീജിയം

ന്യൂഡൽഹി : ജഡ്ജി നിയമനത്തിൽ കേന്ദ്ര സർക്കാരുമായി കൊമ്പ് കോർക്കുന്ന സുപ്രീം കോടതി കൊളീജിയം, സ്വവർഗാനുരാഗിയാണെന്ന

പേരിൽ കേന്ദ്രം മടക്കിയ സൗരഭ് കൃപാലിന്റെയും മറ്റ് മൂന്ന് അഭിഭാഷകരുടെയും പേരുകൾ വീണ്ടും തിരിച്ചയച്ച് നിലപാട് കടുപ്പിച്ചു. സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസ് ബി. എൻ. കൃപാലിന്റെ പുത്രനാണ് സൗരഭ് കൃപാൽ. അഞ്ച് വർഷമായി അദ്ദേഹത്തിന്റെ ജഡ്ജി നിയമനം നീളുകയാണ്.

സൗരഭ് കൃപാൽ ഉൾപ്പെടെയുള്ള നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാർശയാണ് കേന്ദ്രം മടക്കിയത്.

ലൈംഗികാഭിമുഖ്യവും സമൂഹ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങളും ജഡ്‌ജി നിയമനത്തിന് തടസമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ കൊളീജിയം വ്യക്തമാക്കി.

സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്സർലൻഡ് എംബസിയിലെ ഉദ്യോഗസ്ഥനാണെന്ന റോ റിപ്പോർട്ടിന്റെ പേരിലാണ് കേന്ദ്രം ജഡ്ജി സ്ഥാനം നിഷേധിച്ചത്. ഭരണഘടനാ പദവിയിലുള്ള പലരുടെയും പങ്കാളികൾ വിദേശികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊളീജിയം 2021 നവംബർ 11 ന് നൽകിയ ശുപാർശ ആവർത്തിച്ചത്. 2017 ഒക്ടോബർ 13 ന് ആണ് ഡൽഹി ഹൈക്കോടതി കൊളീജിയം സൗരഭ് കൃപാലിനെ ശുപാർശ ചെയ്തത്. 2022 നവംബർ 25 നാണ് കേന്ദ്രം മടക്കിയത്.

അഭിഭാഷകനായ സോമശേഖർ സുന്ദരേശനെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത് കോടതികളുടെ പരിഗണനയിലുള്ള കേസുകളെ കുറിച്ച് നവമാദ്ധ്യമങ്ങളിൽ

അഭിപ്രായം പോസ്റ്റ് ചെയ്‌തതിനാണ്. ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഈ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ ജഡ്ജി സ്ഥാനം നിഷേധിക്കാനാകില്ലെന്നും കൊളീജിയം വ്യക്തമാക്കി.

അമിതേഷ് ബാനർജി, സാക്യ സെൻ എന്നിവരെ കൊൽക്കത്ത ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശകളാണ് കൊളീജിയം തിരിച്ചയച്ച മറ്റ് രണ്ടെണ്ണം.

Advertisement
Advertisement