ദേശീയപാത വികസനം : ടോൾ ബൂത്തുകളുടെ സ്ഥലനിർണ്ണയം ഉടൻ

Friday 20 January 2023 1:32 AM IST

ആലപ്പുഴ : ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ സ്ഥാപിക്കാനുള്ള ടോൾ ബൂത്തുകളുടെ സ്ഥലനിർണ്ണയം ഉടൻ നടത്തും. സംസ്ഥാനത്ത് 589 കിലോമീറ്റർ റോഡ് വികസിപ്പിക്കുമ്പോൾ 11 ടോൾ ബൂത്തുകൾ നിലവിൽവരും. ഇതിൽ രണ്ട് ടോൾ ബൂത്തുകളാണ് ജില്ലയിലുണ്ടാവുക. 50മുതൽ 60 കിലോമീറ്റർ പിന്നിടുമ്പോൾ ഒരു ടോൾബൂത്ത് എന്ന നിലയിലാണ് ക്രമീകരണം. ബൂത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും കൃത്യസ്ഥലം തീരുമാനിച്ചിട്ടില്ല.

ദേശീയപാത അതോറിട്ടി നേരിട്ടാകും ടോൾ പിരിക്കുക. റോഡിന്റെ നിർമാണച്ചെലവ് പൂർണമായി പിരിച്ചെടുത്തു കഴിഞ്ഞാൽ ടോൾ തുക 40ശതമാനമായി കുറയ്ക്കാനാണ് ധാരണ. നിലവിൽ ഫാസ്ടാഗ് ഉപയോഗിക്കാവുന്ന ടോൾ ബൂത്തുകളാണു പദ്ധതിയിലുള്ളതെങ്കിലും ജി.പി.എസ് അധിഷ്ഠിത ടോൾ പിരിവും പരിഗണനയിലുണ്ട്.

ദേശീയപാതയ്ക്കായി 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. 27 മീറ്റർ വീതിയിൽ അര മീറ്റർ മീഡിയനോടു കൂടിയ ആറുവരിപ്പാതയായിരിക്കും വരിക. ഇരുവശങ്ങളിലും ഏഴ് മീറ്റർ വീതിയുള്ള സർവീസ് റോഡുകളും ഒന്നര മീറ്റർ വീതിയുള്ള യൂട്ടിലിറ്റി

കോറിഡോറും ഉണ്ടാകും.

ജില്ലയിൽ രണ്ട് ടോൾ ബൂത്തുകൾ

ജില്ലയിൽ ദേശീയപാത വികസനം (കിലോമീറ്ററിൽ)

തുറവൂർ-പറവൂർ........................................................... 37.9

പറവൂർ-കൊറ്റുകുളങ്ങര.............................................. 37.5

കൊറ്റുകുളങ്ങര-കാവനാട് (ജില്ലയിലുള്ളത്)...............11

തുറവൂർ-അരൂർ.............................................................12.75

നിർമ്മാണം വേഗത്തിൽ

റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന ജോലികൾ ഏറെക്കുറെ പൂർത്തീകരിച്ചു. ഭൂമി നിരപ്പാക്കൽ, സ്ലാബ്, സർവീസ് റോഡ് നിർമ്മാണം തുടങ്ങിയവ ആരംഭിച്ചു. കൊറ്റുകുളങ്ങര -കാവനാട്, പറവൂർ - കൊറ്റുകുളങ്ങര, തുറവൂർ -പറവൂർ എന്നീ മൂന്ന് റീച്ചുകളായാണ് നിർമ്മാണം. തുറവൂർ-പറവൂർ ഭാഗത്ത് കാന നിർമ്മാണം പുരോഗമിക്കുന്നു. പറവൂർ - കൊറ്റുകുളങ്ങര ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലികൾ പൂർണമായില്ല. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ പാലം നിർമ്മിക്കേണ്ടത് തോട്ടപ്പള്ളി സ്പിൽവേ ചാനലിനു കുറുകെയാണ്. നിലവിലുള്ള പാലത്തിന് പടിഞ്ഞാറുഭാഗത്തുകൂടി പുതിയ പാലം നിർമ്മിക്കുന്നതിനുള്ള മണ്ണുപരിശോധന പൂർത്തിയായി. ഇപ്പോഴത്തെ പാലത്തിലെ റെഗുലേറ്ററിംഗ് സംവിധാനം നിലനിർത്തിയാണ് വികസനം. ആലപ്പുഴ ബീച്ചിന് സമാന്തരമായി ഫ്‌ളൈ ഓവർ നിർമ്മിക്കുന്നതിനുള്ള പൈലിംഗ് ജോലികളും പുരോഗമിക്കുന്നു. ഹരിപ്പാട് ഫ്‌ളൈ ഓവർ നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും.

Advertisement
Advertisement