തലയ്ക്കു മീതേ വി​ലയേറ്റം, കടംകയറി​ കരാറുകാർ

Friday 20 January 2023 1:36 AM IST
നിർമ്മാണ മേഖല

ഏപ്രിൽ ഒന്നുമുതൽ നിർമ്മാണം നിറുത്തിവച്ചേക്കും

ആലപ്പുഴ: നിർമ്മാണ മേഖലയിലെ വിലക്കയറ്റം തടയാൻ സക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് ചെറുകിട, ഇടത്തരം കരാറുകാർ ഏപ്രിൽ ഒന്നുമുതൽ ടെണ്ടർ ബഹിഷ്കരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ആലോചിക്കുന്നു.

പാറ, സി​മന്റ്, കമ്പി, ചരൽ, എം സാൻഡ്, പ്‌ളംബിംഗ്, ഇലക്ട്രി​ക് സാമഗ്രി​കൾ എന്നിവയ്ക്കാണ് വി​ല കുതി​ക്കുന്നത്.

പ്രമുഖ കമ്പനിയുടെ 50 കി​ലോയുള്ള ഒരു ചാക്ക് സി​മന്റി​ൽ കരാറുകാരനു നഷ്ടം 130 രൂപയാണ്. കാരണം 450 രൂപയുള്ള സിമന്റി​ന് 320 രൂപയാണ് കരാറുകാർക്ക് സർക്കാർ നൽകുന്നത്. 2018ലെ കരാർ നി​രക്കനുസരി​ച്ചാണ് ഇപ്പോഴും തുക അനുവദി​ക്കുന്നത്. 2022ൽ ഇതു പുതുക്കി​യെങ്കി​ലും നടപ്പാക്കി​യി​ട്ടി​ല്ല. 165 കിലോയുള്ള ഒരു ബാരൽ ടാറി​ന് 8,800- 10,000 രൂപയാവും. പക്ഷേ സർക്കാർ നൽകുന്നതാവട്ടെ 6500 രൂപ! മണൽ, എം സാൻഡ് ഉൾപ്പെടെയുള്ളവയ്ക്ക് 15 രൂപയുടെ വരെ വർദ്ധനവാണ് ക്യുബിക്കടിയിൽ ഉണ്ടായിരിക്കുന്നത്. ബിൽതുക വൈകുന്നതിനാൽ ജി.എസ്.ടി ഇനത്തിൽ 50 ശതമാനം വരെ പിഴ നൽകേണ്ട അവസ്ഥയുമുണ്ടെന്ന് കരാറുകാർ ആരോപിക്കുന്നു.

പൊളിയുന്നു വീട് നിർമ്മാണം

സിമന്റ്: 50- 75 രൂപ, കമ്പി കിലോഗ്രാമിന്: 17രൂപ, ഒരടി മെറ്റൽ, എം സാന്റ്, പി സാന്റ്: 15- 25 രൂപ എന്നിങ്ങനെയാണ് വർദ്ധന. 180 അടി കരിങ്കല്ലിന് 1000 രൂപയുടെ വർദ്ധനവുണ്ടായി. ഭവന നിർമ്മാണ പദ്ധതിയിൽ വീട് വയ്ക്കുന്നവരാണ് വലയുന്നത്. 410 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിന് കരാറുകാർ നേരത്തേ വാങ്ങിയിരുന്നത് 7.5 ലക്ഷമായിരുന്നെങ്കിൽ നിലവിൽ ഇത് 12.5 ലക്ഷമായി. പാറയുടെയും മറ്റും ലഭ്യതക്കുറവുമുണ്ട്.

കരാറുകാർ പറയുന്നു

 ലൈസൻസ് കാലാവധി അഞ്ചുവർഷമാക്കണം

 വില വ്യതിയന വ്യവസ്ഥ നടപ്പാക്കണം

 2022ലെ മാനദണ്ഡങ്ങൾപ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കണം

 ടെണ്ടറുകളിൽ തുല്യത ഉറപ്പാക്കണം

 വില വർദ്ധന നിയന്ത്രിക്കണം

 ജി.എസ്.ടിയുടെ പേരിലുള്ള ഭീമമായ പിഴ ഒഴിവാക്കണം

സാധന വില (രൂപയിൽ)

സിമന്റ് വില (ബാഗ് ഒന്നിന് ): 370- 450

കമ്പി കിലോ: 70- 73

എം സാൻഡ് (ഒരു അടി​) : 70 പി സാൻഡ് : 75 മെറ്റൽ : 60

ചരൽ : 140

ഒരു ലോഡ് പാറ (100 അടി ): 7000

സാധനങ്ങളുടെ വില വർദ്ധന നിർമ്മാണ മേഖലയെ തളർത്തി. മെറ്റൽ, പാറ, എം സാൻഡ്, പി സാൻഡ് എന്നിവ ലോറി​കളി​ൽ പൊക്കലോഡ് കൊണ്ടുവരാനുള്ള അനുമതി നിഷേധിച്ചതാണ് വി​ലകൂടാൻ കാരണം. ലോറി ഉടമകൾ സമരത്തിലുമാണ്

ശശി, കട ഉടമ

2022ലെ റേറ്റ് അനുവദിച്ചുള്ള എസ്റ്റിമേറ്റ് തയ്യാറാക്കണം. വില പിടിച്ചുനിറുത്താൻ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടണം

-വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ