ആർട്സ് കോളേജ്- റസിഡൻസി റോഡിലും യാത്രാ ദുരിതം

Thursday 19 January 2023 11:44 PM IST

കുഴികടക്കാതെ നഗരപാതകൾ (7)​

തിരുവനന്തപുരം: സ്മാർട്ടാക്കാമെന്ന ഉറപ്പിൻമേൽ വെട്ടിപ്പൊളിച്ച റോഡുകളുടെ കൂട്ടത്തിൽ നഗരത്തിലെ പ്രധാന റോഡായ ആർട്സ് കോളേജ്- റസിഡൻസി റോഡും. വഴുതക്കാടു നിന്ന് തൈക്കാട്,​ തമ്പാനൂർ എന്നിവിടങ്ങളിലേക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിൽ എത്താവുന്ന റോഡാണിത്. ദിവസേന നിരവധി വിദ്യാർത്ഥികളും ജനങ്ങളും ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിച്ചിട്ട റോഡിൽ അപകടങ്ങൾ പതിവായതോടെ മൂടുകയായിരുന്നു. മെറ്റലിളകിയ റോഡിൽ വാഹനങ്ങൾ പോകുമ്പോൾ വലിയരീതിയിലാണ് പൊടിപടലങ്ങൾ ഉണ്ടാകുന്നത്. ഇക്കാരണങ്ങളാൽ തന്നെ യാത്രക്കാരുടെ ദുരിതവും ഏറെയാണ്. പൊലീസ് ട്രെയിനിംഗ് കോളേജിലേക്കും സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്കും വേഗത്തിൽ എത്താൻ കഴിയുന്ന റോഡായതിനാൽ ഭൂരിഭാഗം പൊലീസ് വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.

റോഡിന്റെ ദൈർഘ്യം - 300 മീറ്റർ

ജോലികൾ തുടങ്ങിയിട്ട്- 1.2 വർഷം

ജോലികൾ തീരാൻ - ഇനിയും 3 മാസം

റോഡിന്റെ പ്രത്യേകതകൾ

 വഴുതക്കാടു നിന്ന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്താനുള്ള എളുപ്പവഴി

 ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ തമ്പാനൂരിലേക്ക് പോകാനുള്ള വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന റോഡ്

തൈക്കാട് നിന്ന് വഴുതക്കാട്, ബേക്കറി ജംഗ്ഷൻ, മേട്ടുക്കട എന്നിവിടങ്ങളിലെത്താനുള്ള എളുപ്പവഴി

ആംബുലൻസുകൾ എളുപ്പത്തിൽ എത്താൻ ഉപയോഗിക്കുന്ന വഴി

റോഡിന് സമീപത്തെ പ്രധാന സ്ഥാപനങ്ങൾ

 ആർട്സ് കോളേജ്

 സംഗീത കോളേജ്

 നോർക്ക

 തൈക്കാട് മോഡൽ സ്കൂൾ

 ഗാന്ധി സ്മാരക നിധി