തിളക്കം മങ്ങി കറുത്ത പൊന്ന്: വിലയിടിവ് തുടരുന്നു

Friday 20 January 2023 12:10 AM IST

കോട്ടയം: ഏഴ് വർഷമായി തുടരുന്ന കുരുമുളകിന്റെ വിലയിടിയിൽ കർഷകർക്ക് ആശങ്ക. ഇന്നലെ കുരുമുളകിന് വിപണിയിൽ കിലോക്ക് 470 രൂപയായിരുന്നു വില. കഴിഞ്ഞ വർഷം ഇതേസമയം 500 രൂപ വരെ ലഭിച്ചിരുന്നു. എട്ട് വർഷം മുമ്പ് 750 രൂപ വരെയായിരുന്നു വില. ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതിയും കാലാവസ്ഥാ വ്യതിയാനങ്ങളും കുരുമുളകിന്റെ വില ഇടിയാൻ കാരണമായെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ശ്രീലങ്കയിലെ കുരുമുളകിന് നിലവാരമില്ലെന്നും ആക്ഷേപമുണ്ട്.

യൂറോപ്യൻ രാജ്യങ്ങളായിരുന്നു കേരളത്തിലെ കുരുമുളകിന്റെ പ്രധാന വിപണി. എന്നാൽ ശ്രീലങ്കയിൽ നിന്ന് നിലവാരമില്ലാത്ത കുരുമുളക് എത്താൻ തുടങ്ങിയതോടെ യൂറോപിലെ കേരളത്തിന്റെ വിപണി നഷ്ടമായി. കഴിഞ്ഞവർഷം ഒരു ലക്ഷം ടൺ കുരുമുളക് ഉത്പാദിപ്പിക്കുമെന്നാണ് സർക്കാർ ഏജൻസികൾ പ്രവചിച്ചിരുന്നത്. എന്നാൽ 70,000 ടൺ മാത്രമാണ് ഉത്പാദിപ്പിച്ചത്. തുടർച്ചയായ വിലയിടിവ് കർഷകരെ കരുമുളകിൽ നിന്ന് അകറ്റി.

 വിളവെടുപ്പ് മൂന്ന് മാസങ്ങളിൽ

നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ്. തുടർച്ചയായ മഴയിൽ കുരുമുളക് കൃഷി നശിച്ചിക്കാനും പാകമായത് അടർന്ന് വീഴാനും കാരണമായി. മുമ്പ് രാജ്യത്തെ കുരുമുളക് ഉത്പാദനത്തിൽ കേരളമായിരുന്നു മുന്നിൽ. ഇപ്പോൾ കർണാടകയ്ക്കാണ് ഒന്നാം സ്ഥാനം. വിലയിടിവ് കാരണം കുരുമുളക് പരിപാലിക്കുന്നതിൽനിന്ന് ആളുകളും പിന്നോട്ടുപോയി. തൊഴിലാളി ക്ഷാമവും കൂലിവർദ്ധനവും തിരിച്ചടിയായി. 1000 രൂപ വരെയാണ് ഒരു ദിവസത്തെ കൂലി.

കൂലിച്ചെലവ് 1000 രൂപ

 കുരുമുളകിന് എട്ട് വർഷം മുമ്പുള്ള വില (കിലോയ്‌ക്ക്)- 750 രൂപ

 ഇപ്പോഴത്തെ വില- 470 രൂപ

 ഒരു വർഷം മുമ്പുള്ള വില- 500 രൂപ

 കഴിഞ്ഞവർഷം ലക്ഷ്യമിട്ട ഉത്പാദനം- ഒരു ലക്ഷം ടൺ

 ഉത്പാദിപ്പിച്ചത്- 70,000 ടൺ

 തൊഴിലാളിക്കുള്ള ദിവസക്കൂലി- 1000 രൂപ

 രാജ്യത്ത് കൂടുതൽ കുരുമുളക് ഉത്പാദനം കർണാടകയിൽ

Advertisement
Advertisement