നാട് ചുറ്റി മൺപാത്ര കച്ചവടം ; കടയും വീടുമായി വാഹനം

Friday 20 January 2023 12:12 AM IST
വാഹനം കടയും വീടുമാക്കി നാട്ചുറ്റി മൺപാത്ര കച്ചവടം ചെയ്യുന്ന രാജസ്ഥാൻ സ്വദേശി സൊക്രാൻ ബാഗ്രിയ

മാന്നാർ : ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി മൺപാത്ര കച്ചവടവുമായി നാട് ചുറ്റുകയാണ് രാജസ്ഥാൻ സ്വദേശി സൊക്രാൻ ബാഗ്രിയയും കുടുംബവും. സഞ്ചരിക്കുന്ന പിക്ക് അപ്പ് വാനാണ് ഇവർക്ക് വീടും കടയുമെല്ലാം. മണ്ണിൽ നിർമ്മിച്ച ചായക്കപ്പുകളും കറിച്ചട്ടികളുമൊക്കെ ഈ വാഹനത്തിൽ വില്പനക്കായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

അമ്പതുരൂപ വിലവരുന്, ഇരുമ്പ്ഫ്രെയിമിൽ ഉറപ്പിച്ചിട്ടുള്ള മൺചട്ടി വാങ്ങാനാണ് ഏറെ തിരക്ക്. കർണാടകയിൽ നിന്നും വയനാട് വഴി കേരളത്തിലെത്തി വിവിധജില്ലകൾ കടന്നാണ് ആലപ്പുഴ ജില്ലാ അതിർത്തിയായ മാന്നാറിൽ ഈ രാജസ്ഥാനി കുടുംബം എത്തിയത്. ചപ്പാത്തി, ദോശ, ഓംലെറ്റ് എല്ലാം ഉണ്ടാക്കാൻ ഉപയോഗിക്കാവുന്ന ചട്ടി വെറും അമ്പത് രൂപയ്ക്ക് ലഭിക്കുമെന്ന് തമിഴിലുള്ള അനൗൺസ്‌മെന്റ് സ്പീക്കറിലൂടെ ഒഴുകിയെത്തുമ്പോൾ വാങ്ങാൻ തിരക്കേറും.

വാനിന്റെ പിൻവശം രണ്ടു നിലകളായി സജ്ജീകരിച്ചതിൽ താഴത്തെ ഭാഗം മൺപാത്രങ്ങൾ കച്ചവടം ചെയ്യാനും മുകൾനില കിടന്നുറങ്ങാനുമാണ് ഇവർ ഉപയോഗിക്കുന്നത്. മാന്നാറിൽ രണ്ടു വാഹനങ്ങളാണ് ഇത്തരത്തിൽ രാജസ്ഥാനിൽ നിന്ന് വന്നിട്ടുള്ളത്. ഇതേപോലെ മുന്നൂറോളം വാഹനങ്ങളാണ് മൺപാത്ര കച്ചവടവുമായി രാജസ്ഥാനിൽ നിന്നും തിരിച്ചിട്ടുള്ളതെന്ന് ഹിസമ്പൂർ വില്ലേജിൽ നിന്നുമുള്ള സൊക്രാൻ ബാഗ്രിയ പറയുന്നു. ഇദ്ദേഹത്തിന്റെ മകനും മരുമകളും കൊച്ചുമകനും ഉൾപ്പെടെ വാഹനത്തിലുണ്ട്. മകനാണ് വാഹനം ഓടിക്കുന്നത്. ബാഗ്രിയക്ക് രാജസ്ഥാനിൽ ഗോതമ്പ് കൃഷിയും പശു വളർത്തലുമൊക്കെയുണ്ട്. ഭാര്യയാണ് ഇതെല്ലാം നോക്കി നടത്തുന്നത്. ഗോതമ്പ് പൊടിക്കുന്ന മെഷീനിൽപ്പെട്ട് മുട്ടിനു മുകൾവശം വെച്ച് നഷ്ടപ്പെട്ട ഇടതുകൈയുമായിട്ടാണ് ഈ 55കാരൻ ഒന്നര വർഷമായി മൺപാത്രക്കച്ചവടവുമായി ഊരുചുറ്റുന്നത്.

മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെ കേരളത്തിൽ എത്തിച്ചേർന്ന ഇവർ ഒരുമാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചത്. രാത്രികളിൽ പെട്രോൾ പമ്പുകളിലാണ് തമ്പടിക്കുന്നത്.