ആൽ മരം വീണു: വിയ്യൂർ ശിവക്ഷേത്ര ഗോപുരവും ചുറ്റമ്പലവും തകർന്നു

Friday 20 January 2023 12:18 AM IST

തൃശൂർ: വിയ്യൂർ ശിവക്ഷേത്ര ഗോപുരത്തിന് മുകളിലേക്ക് ആൽമരം കടപുഴകി വീണ് ക്ഷേത്രത്തിന്റെ കിഴക്കെഗോപുരവും ചുറ്റമ്പലത്തിന്റെ മുൻഭാഗവും തകർന്നു. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. ക്ഷേത്രത്തിനു മുന്നിൽ ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ആൽമരമാണ് കടപുഴകിയത്. ഗോപുരം പൂർണമായി തകർന്നു. ചുറ്റമ്പലത്തിന്റെ മുൻവശവും തകർന്നു.
ആലിന് തറകെട്ടി സംരക്ഷിച്ചിരുന്നു. സംഭവസമയത്ത് ക്ഷേത്രം ജീവനക്കാരിയായ ഉഷയും ഭർത്താവ് ഹരിദാസും ഗോപുരത്തിന്റെ സമീപത്ത് ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പി. ബാലചന്ദ്രൻ എം.എൽ.എ, കൗൺസിലർ ജോൺ ഡാനിയേൽ അടക്കമുള്ള ജനപ്രതിനിധികളും കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളും ക്ഷേത്ര ഭാരവാഹികളും സ്ഥലത്തെത്തി.

സംഭവസമയത്ത് ക്ഷേത്രദർശനത്തിനെത്തിയ ഭക്തർ മുഴുവൻ പുറത്തുപോയിരുന്നു. അതിനാൽ വൻദുരന്തം ഒഴിവായി. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ കാറ്റാണ് വീശുന്നത്. ഇന്നലെ മനക്കൊടിയിൽ കൊയ്ത്തിന് പാകമായ നെല്ലിന് തീപിടിച്ചിരുന്നു. ശക്തമായ കാറ്റിൽ വേഗത്തിൽ പടർന്നെങ്കിലും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.

Advertisement
Advertisement