പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ്: നാടകാന്ത്യം ജോസിൻ ബിനോ

Friday 20 January 2023 12:28 AM IST

പാലാ: പാലാ നഗരസഭയുടെ പുതിയചെയർമാനായി ആരെന്ന ചോദ്യം ഇന്നലെ രാവിലെ മുതൽ ചുറ്റിപ്പറ്റിയത് കൊട്ടാരമറ്റത്തെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനെ. രാവിലെ 7.40ന് നേതാക്കളെല്ലാം ഓഫീസിലെത്തി. ഇതിനിടെ സി.പി.എം നിലപാട് കടുപ്പിച്ചുവെന്നും അഡ്വ. ബിനു പുളിക്കക്കണ്ടം സ്ഥാനാർത്ഥിയാകുമെന്നും വാർത്തകൾ വന്നതോടെ തെക്കേക്കരയിലെ ഇടത് മുന്നണി പ്രവർത്തകരും ആവേശത്തിലായി. എന്നാൽ ജോസ് കെ. മാണിയെ പിണക്കേണ്ടതില്ലെന്ന ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം പിന്നാലെ എത്തി.

രാവിലെ 8.10നാണ് സി.പി.എം കൗൺസിലർമാർ പാർട്ടി ഓഫീസിലെത്തിയത്. തുടർന്ന് ചെയർമാൻ സ്ഥാനത്തേക്ക് ബിനുവിന് പകരം ജോസിൻ ബിനോയുടെ പേര് ഏരിയാ കമ്മിറ്റിയിൽ നിർദ്ദേശമുയർന്നു. പിന്നാലെ ചേർന്ന പാർലമെന്ററി യോഗവും ഇത് അംഗീകരിച്ചു. തുടർന്ന് വീട്ടിൽ പോയ ബിനു വെള്ള ഖദർ ഷർട്ട് മാറ്റി കറുപ്പണിഞ്ഞാണ് മടങ്ങിയെത്തിയത്. തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇതിന് പിന്നാലെയാണ് ജോസ് കെ. മാണിക്കെതിരെ ബിനു ആഞ്ഞടിച്ചത്. എന്നാലിത് മുന്നണി ബന്ധത്തിന് ചേരാത്തതും കടുത്ത അച്ചടക്കലംഘനവുമാണെന്ന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു കുറ്റപ്പെടുത്തി.

 സി.പി.എമ്മിൽ പ്രതിഷേധം ശക്തം

ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭയിൽ കിട്ടിയ ചെയർമാൻ സ്ഥാനം ജോസ് കെ. മാണിയുടെ തീരുമാനത്തിനു വഴങ്ങി സ്വതന്ത്രാംഗത്തിന് നൽകിയതിനെതിരെ പാലാ സി.പി.എമ്മിൽ പ്രതിഷേധം ശക്തം. ബിനു പ്രതിധാനം ചെയ്യുന്ന പാലംപുരയിടം വാർഡ് ഉൾപ്പെടുന്ന ബ്രാഞ്ച് കമ്മിറ്റികളും പാലാ ലോക്കൽ കമ്മിറ്റിയും ശക്തമായ പ്രതിഷേധത്തിലാണ്. പല സ്ഥലങ്ങളിലും കേരള കോൺഗ്രസ് എമ്മിനെതിരെ പ്രകടനം നടത്താൻ രാവിലെ തീരുമാനിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് പിൻതിരിപ്പിക്കുകയായിരുന്നു.

ഉദ്യേഗ നിമിഷങ്ങൾ

 രാവിലെ 8.10: സി.പി.എം കൗൺസിലർമാർ പാർട്ടി ഓഫീസിൽ

 ബിനുവിന് പകരം ജോസിൻ ബിനോയുടെ പേര് ഏരിയാ കമ്മിറ്റിയിൽ

 പാർലമെന്ററി യോഗവും തീരുമാനം അംഗീകരിക്കുന്നു

 10 മണി: അതുവരെ വെള്ള ഖദർ ഉടുപ്പ് ധരിച്ച ബിനു വീട്ടിൽ പോയി കറുത്ത ഉടുപ്പണിഞ്ഞ് മടങ്ങിവരുന്നു

10.15: ജോസിൻ ബിനോടെയും വി.സി. പ്രിൻസിന്റെയും പേര് പ്രഖ്യാപിക്കുന്നു

 10.30: തിരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്വതന്ത്രൻ ജിമ്മിജോസഫ് വിട്ടുനിൽക്കുന്നു

 11.00: വരണാധികാരി പാലാ ഡി.ഇ.ഒ കെ. ജയശ്രീ ജോസിൻ ബിനോ വിജയിച്ചതായി പ്രഖ്യാപിക്കുന്നു

 ഞങ്ങളുടെ ചെയർമാൻ ബിനു: ജോസിൻ ബിനോ

തങ്ങളുടെ യഥാർത്ഥ ചെയർമാൻ അഡ്വ. ബിനു പുളിക്കക്കണ്ടം തന്നെയാണെന്ന് ചെയർപേഴ്‌സണായി ചുമതലയേറ്റ ജോസിൻ ബിനോയും ഭരണ പക്ഷ കൗൺസിലർ ഷീബ ജിയോയും പറഞ്ഞു. രാഷ്ട്രീയ കളികളുടെ ഭാഗമായി ബിനുവിന് ചെയർമാൻ പദവി കിട്ടിയില്ല. അദ്ദേഹത്തിനെതിരെ കളിച്ചവർക്ക് കാലം മറുപടി കൊടുക്കുമെന്നും ഷീബ തുറന്നടിച്ചു.
ആശംസകൾക്ക് മറുപടി പറയവേ ജോസിൻ ബിനോയും വികാരാധീനയായി. സന്തോഷത്തിനൊപ്പം തനിക്കല്പം സങ്കടവുമുണ്ടെന്ന് അവർ പറഞ്ഞു. ബിനുവാണ് ചെയർമാനാവേണ്ടിയിരുന്നത്. എന്നാൽ പാർട്ടി ഒരു നിയോഗമേൽപ്പിക്കുമ്പോൾ അത് ഏൽക്കുക എന്നത് കടമയാണ്. അത് കൊണ്ട് സന്തോഷത്തോടെ ചുമതല ഏൽക്കുകയാണെന്നും അവർ പറഞ്ഞു. ലാലിച്ചൻ ജോർജ്ജ്, ലോപ്പസ് മാത്യു, ബാബു കെ. ജോർജ്ജ്, ഷാജു തുരുത്തൻ, ബെന്നി മൈലാടൂർ, പി.എം ജോസഫ്, വി.സി. പ്രിൻസ്, പ്രതിപക്ഷനേതാവ് പ്രഫ.സതീഷ് ചൊള്ളാനി, ആന്റോജോസ് പടിഞ്ഞാറേക്കര, ജിമ്മി ജോസഫ്, മായാ രാഹുൽ,ലീന സണ്ണി,ബിജി ജോജോ, സിജി പ്രസാദ് തുടങ്ങിയവർ ചെയർപേഴ്‌സണ് ആശംസകൾ നേർന്നു.

'വോട്ട് അസാധുവായത് എന്റെ ജാഗ്രത കുറവ് മൂലമാ്. പാർട്ടി വിപ്പനുസരിച്ച് സഹപ്രവർത്തകനായ വി.സി. പ്രിൻസിനു വേണ്ടി വോട്ട് കൃത്യമായി രേഖപ്പെടുത്തിയെങ്കിലും ബാലറ്റ് പേപ്പറിന്റെ മറുവശത്ത് ഒപ്പിടാൻ മറന്നു പോയി. ഇതിൽ പാർട്ടിയോടും സഹപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു".

- പ്രൊഫ.സതീഷ് ചൊള്ളാനി, നഗരസഭാ പ്രതിപക്ഷനേതാവ്

'ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദുവായ ബിനുവിനെ ചെയർമാനാക്കാൻ പറ്റില്ലെന്ന് ജോസ് കെ. മാണി പിണറായി വിജയന് മുമ്പിൽ നിലപാടെടുത്തതോടെയാണ് ബിനുവിന് സ്ഥാനം നഷ്ടമായത്".

- പി.സി. ജോർജ്

Advertisement
Advertisement