വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരെ ഒഴിവാക്കിയിട്ടില്ലെന്ന് ഡൽഹി കോടതി

Friday 20 January 2023 1:28 AM IST

ന്യൂഡൽഹി:വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരെ നിയമപരമായി ഒഴിവാക്കിയിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി. ക്രിമിനൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാദ്ധ്യമ പ്രവർത്തകർ ഉറവിടം വെളിപ്പെടുത്തണമെന്ന് ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് അഞ്ജനി മഹാജൻ വ്യക്തമാക്കി. യശശരീരനായ മുലയം സിംഗ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകളെന്ന് അവകാശപ്പെട്ട്

2009 ഫെബ്രുവരി ഒമ്പതിന് ചില ചാനലുകൾ വാർത്ത പുറത്ത് വിട്ടിരുന്നു. കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ട് മുമ്പാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. അന്വേഷണ ഏജൻസികളുടെ പ്രതിഛായ തകർക്കാൻ ലക്ഷ്യമിട്ട് സൃഷ്ടിച്ച വ്യാജ രേഖകളാണിതെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ കേസ് ഫയൽ ചെയ്തു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാർത്താ ചാനലുകളോ മാദ്ധ്യമ പ്രവർത്തകരോ പുറത്ത് വിട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്താൻ തയ്യാറാകാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചതായി ചൂണ്ടിക്കാട്ടി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.