മൂന്ന് മണിക്കൂർ മുമ്പ് വിമാനം പറന്നുയർന്നു അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.സി.എ

Friday 20 January 2023 1:29 AM IST

അമൃത്സർ: പുറപ്പെടേണ്ടതിനു മൂന്ന് മണിക്കൂർ മുമ്പ് 35 യാത്രക്കാരെ കയറ്റാതെ സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.സി.എ അമൃത്സർ വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച വൈകിട്ട് 7.55ന് പുറപ്പെടേണ്ടിയിരുന്ന സ്കൂട്ട് എയർലൈൻ വിമാനമാണ് ഉച്ച കഴിഞ്ഞ് 3ന് പുറപ്പെട്ടത്. വിമാനത്തിൽ കയറാൻ കഴിയാതിരുന്ന യാത്രക്കാർ വലിയ പ്രതിഷേധമാണ് അറിയിച്ചത്.

അതേസമയം, സംഭവത്തിൽ മാപ്പപേക്ഷിച്ച് എയർലൈൻ രംഗത്തെത്തി. 7.55ന് പുറപ്പെടേണ്ട വിമാനം മോശം കാലാവസ്ഥ മൂലം മുടങ്ങാൻ സാദ്ധ്യതയുണ്ടെന്ന് കണ്ട് നേരത്തേ പുറപ്പെടുകയായിരുന്നെന്നാണ് കമ്പനിയുടെ വിശദീകരണം.

അസൗകര്യം നേരിട്ടതിൽ സ്‌കൂട്ട് ആത്മാർഥമായി മാപ്പ് പറയുന്നെന്നും അസൗകര്യം നേരിട്ട യാത്രക്കാർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുമെന്നും എയർലൈൻസ് അറിയിച്ചു. വിമാനത്താവള അധികൃതർ അന്വേഷിച്ചപ്പോൾ സമയമാറ്റത്തെക്കുറിച്ച് യാത്രക്കാർക്ക് അറിയിപ്പു നല്കിയിരുന്നെന്നാണ് കമ്പനി മറുപടി നല്കിയത്. സിംഗപ്പൂരിലെ ചെലവു കുറഞ്ഞതും സിംഹപ്പൂർ എയർലൈൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതുമായ വിമാനമാണ് സ്കൂട്ട് എയർലൈൻ. അമൃത്സർ വിമാനത്താവള അധികൃതരിൽ നിന്നും ഡി.ജി.സി.എ വിശദാംശം തേടിയിട്ടുണ്ട്. അടുത്തിടെ സമാന സംഭവം ബംഗളൂരു വിമാനത്താവളത്തിലും സംഭവിച്ചിരുന്നു. ഡൽഹിയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം 55 യാത്രക്കാരെ ഒഴിവാക്കിയാണ് പുറപ്പെട്ടത്.