ഭാരത് ജോഡോ യാത്ര ജമ്മുവിൽ

Friday 20 January 2023 1:36 AM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്. ഇന്നലെ വൈകുന്നേരം രാഹുലും കൂട്ടരും പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് ജമ്മുകാശ്മീരിലെ കത്വ ജില്ലയിലുള്ള ലഖൻപൂരിൽ പ്രവേശിച്ചു. ലഖൻപൂരിൽ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ള അടക്കം നേതാക്കൾ രാഹുലിനെ സ്വീകരിച്ചു. പതാക കൈമാറൽ ചടങ്ങും സംഘടിപ്പിച്ചിരുന്നു.

ജമ്മുകാശ്‌മീരിലേക്കുള്ള വരവ് സ്വന്തം വേരുകളിലേക്കുള്ള മടക്കമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. എന്റെ പൂർവ്വികർ ഇവിടെയായിരുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണെന്ന് തോന്നുന്നു.

രാഹുലിന്റെ യാത്ര കന്യാകുമാരിയിൽ നിന്ന് കാശ്‌മീർ വരെ പണ്ട് ശങ്കരാചാര്യർ നടത്തിയ യാത്രയ്‌ക്ക് സമാനമാണെന്ന് ഫറൂഖ് അബ്‌ദുള്ള പറഞ്ഞു. മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്ന അവസ്ഥ മാറാൻ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ സംസാരിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കാത്തതുകൊണ്ടാണ് ഭാരത് ജോഡോ യാത്രയുമായി ജനങ്ങളെ സമീപിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ലോക്‌സഭയിൽ സ്‌പീക്കർ എല്ലാവർക്കും അവസരം നൽകാറുണ്ട്. അംഗ സംഖ്യ കുറവായതിനാൽ കോൺഗ്രസ് എംപിമാർക്ക് കൂടുതൽ സമയം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.