ബ്രിജ്ഭൂഷൺ: ഹെലികോപ്‌ടർ ഉടമ, ബാബറി കേസ് പ്രതി

Friday 20 January 2023 2:48 AM IST

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ ശക്തനായ നേതാവാണ് ഇപ്പോൾ ലൈംഗികാരോപണ വിധേയനായ ബ്രിജ്ഭൂഷൺ ശരൺ സിംഗ്. 66 കാരനായ ഇദ്ദേഹം 2011 മുതൽ ഗുസ്‌തി ഫെഡറേഷൻ അമരത്തുണ്ട്. 2019 ൽ മൂന്നാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1980കളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം 1988ൽ ബി.ജെ.പിയിൽ ചേർന്നു. ബാബറി മസ്‌ജിദ് വിഷയം ഉയർന്ന സമയത്ത് പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ബ്രിജ്ഭൂഷൺ പിന്നീട് ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതിയുമായി. 2008 ജൂലായിൽ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വീണ്ടും ബി.ജെ.പിയിലേക്ക്. ആറ് തവണ എം.പിയായി. നിലവിൽ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 10 കോടി രൂപയുടെ ആസ്തിയുള്ള ബ്രിജ്ഭൂഷൺ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണിക്കൂറിന് 85,000 കോടി രൂപ നിരക്കിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തിരുന്നു. പിന്നീട് ഹെലികോപ്ടർ സ്വന്തമായി വാങ്ങുകയും ചെയ്തു. 2021ൽ ഷഹീദ് ഗൺപത് റായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ ഒരു ഗുസ്തിക്കാരനെ തല്ലിയത് വിവാദമായിരുന്നു.