ഗൂഗിളിന് വീണ്ടും തിരിച്ചടി ഇടക്കാല ആശ്വാസം വേണമെന്ന ആവശ്യവും തള്ളി

Friday 20 January 2023 1:50 AM IST

ന്യൂഡൽഹി: ആൻഡ്രോയ്ഡ് മൊബൈൽ പ്ലാറ്റ്ഫോമിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപ പിഴ ചുമത്തിയ കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയുടെ (സി.സി.ഐ)​ ഉത്തരവിൽ ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി. സി.സി.ഐയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗിളിന്റെ ആവശ്യം കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) തള്ളുകയും പിഴത്തുകയുടെ 10 ശതമാനം കെട്ടിവയ്ക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എൻ.സി.എൽ.എ.ടി ഗൂഗിളിന്റെ അപ്പീലിൽ തീർപ്പ് കല്‌പിക്കാത്തതിനാൽ വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു. മാർച്ച് 31 നകം സി.സി.ഐയുടെ ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീലിൽ തീർപ്പ് കല്പിക്കണമെന്നും സുപ്രീം കോടതി ട്രൈബ്യൂണിലിനോട് അഭ്യർത്ഥിച്ചു. ഉത്തരവുമായി മൂന്ന് ദിവസത്തിനകം എൻ.സി.എൽ.എ.ടിയെ സമീപിക്കണമെന്ന് കോടതി ഗൂഗിളിനോട് നിർദ്ദേശിച്ചു. സി.സി.ഐ ഉത്തരവ് പാലിക്കാൻ ഗൂഗിളിന് ഒരാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിന്റെ തെറ്റായ പ്രയോഗത്തെ അടിസ്ഥാനമാക്കി ഒരു കാരണവുമില്ലാതെയാണ് സി.സി.ഐ ഉത്തരവെന്ന് ഗൂഗിളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദിച്ചു. ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മാറ്റാൻ സി.സി.ഐ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു.