കോഫീഹൗസിന് രാഷ്ട്രീയപ്പൂട്ട്? ആശുപത്രിയിലെ കിടപ്പുരോഗികളും കൂട്ടിരുപ്പുകാരും നട്ടം തിരിയും
തൃശൂർ: മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടലിന് പിന്നിൽ രാഷ്ട്രീയമെന്ന ആരോപണവും ശക്തം. വർഷങ്ങളായി കോഫീഹൗസിനെ മെഡിക്കൽ കോളേജിൽ നിന്ന് തുരത്താൻ ശ്രമിക്കുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു. അതേസമയം, കോഫീഹൗസിലെ വീഴ്ച പരിഹരിക്കുന്നതിൽ ബോർഡ് അധികൃതരും കടുത്ത അലംഭാവം കാണിച്ചെന്ന് പറയുന്നവരുണ്ട്.
വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന കോഫി ഹൗസ് അടച്ചുപൂട്ടണമെന്ന് ആഴ്ചകൾക്ക് മുമ്പ് മെഡിക്കൽ കോളേജ് അധികൃതരും ഭക്ഷ്യസുരക്ഷാ വകുപ്പും നോട്ടീസ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പരിശോധന നടത്തിയപ്പോൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനായിരുന്നു നിർദ്ദേശം നൽകിയിരുന്നതത്രെ. ഭക്ഷണം സംബന്ധിച്ച് യാതൊരു പരാതിയും ഉണ്ടായിരുന്നില്ലെന്നും കോഫീഹൗസ് ബോർഡ് സെക്രട്ടറി പറയുന്നു.
പിന്നീട് കടുത്ത നടപടിയിലേക്ക് നീങ്ങിയതിന് പിന്നിൽ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിലെ ചിലർ തലസ്ഥാനത്ത് എത്തിയതിന് പിറകെയാണ് കരുക്കൾ നീക്കി മന്ത്രിതല ഇടപെടലിൽ താഴ് വീണതെന്നാണ് കോഫീഹൗസ് അധികൃതരുടെ ആരോപണം.
ലൈസൻസ് സസ്‌പെൻഡ് ചെയ്തു
മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫീ ഹൗസിന്റെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്കാലികമായി സസ്‌പെൻഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യൻ കോഫീ ഹൗസിന് പ്രവർത്തിക്കാൻ അനുമതി നൽകിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.
അസി. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേയും വടക്കാഞ്ചേരി ഫുഡ് സ്റ്റേഫി ഓഫീസറെയുമാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉന്നതതല അന്വേഷണം നടത്താൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. ഒരാളെ ഇടുക്കിയിലേക്കും മറ്റൊരാളെ പാലക്കാട്ടേക്കുമാണ് സ്ഥലം മാറ്റിയത്.
തുടർച്ചയായ പരാതികൾ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് ഇല്ലാതിരുന്നിട്ടും കോഫീഹൗസ് പ്രവർത്തിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കിടപ്പ് രോഗികൾ നട്ടം തിരിയും
കഴിഞ്ഞ കുറെ വർഷങ്ങളായി മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികൾക്ക് ആശ്വാസകേന്ദ്രമായിരുന്നു കോഫി ഹൗസ്. വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ കോഫി ഹൗസിൽ എത്തുന്നവർക്ക് സൗജന്യമായി കഞ്ഞിയും നൽകിയിരുന്നു. രാവിലെ മുതൽ എത് സമയത്ത് എത്തിയാലും ചൂടുവെള്ളവും ലഭിക്കുമായിരുന്നു. ദിവസവും ഇരുനൂറോളം പേരാണ് വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെയുള്ള സമയങ്ങളിൽ സൗജന്യ കഞ്ഞി കുടിക്കാൻ എത്തിയിരുന്നത്.
നിയമപരമായി നേരിടും
കോഫീഹൗസ് അടച്ചു പൂട്ടിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി നേരിടും. ഇത് ഗൂഢാലോചനയാണ്. കഴിഞ്ഞ കുറെ നാളുകളായി കോഫീ ഹൗസിനെതിരെ പ്രവർത്തനം മെഡിക്കൽ കോളേജിലെ സ്ഥാപനമായതിനാൽ ഏറെ സാമൂഹിക പ്രതിബദ്ധതയോടെയാണ് നടത്തിയിരുന്നത്.
- അനിൽ കുമാർ, കോഫി ഹൗസ് ഭരണ സമിതി സെക്രട്ടറി