എസ്.ബി.ഐയുടേത് തൊഴിലാളി വിരുദ്ധ നടപടി

Friday 20 January 2023 12:57 AM IST

കോട്ടയം: എസ്.ബി.ഐ മാനേജ്‌മെന്റ് കേരള സർക്കിളിലെ നിരവധി ബ്രാഞ്ചുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ച് ശാഖകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു പത്രസമ്മേളനത്തിൽ ആരോപിച്ചു. 1294 ക്ലറിക്കൽ ജീവനക്കാരേയും ഓഫീസർമാരേയും പിൻവലിച്ച് മാർക്കറ്റിംഗ് മേഖലയിലേക്ക് മാറ്റി വ്യന്യസിപ്പിച്ചു. എസ്.ബി.ഐയുടെ ഇൻഷ്വറൻസ് പോലെയുള്ള ഉത്പന്നങ്ങൾ വിൽക്കാൻ ശാഖകളിൽ നിന്ന് ജീവനക്കാരെ പിൻവലിച്ചതോടെ ശേഷിക്കുന്നവരുടെ ജോലിഭാരം വർദ്ധിപ്പിച്ചു. കുതന്ത്രങ്ങളിലൂടെ സ്ഥിരം ജീവനക്കാരെ ഒഴിവാക്കി കരാർ നിയമനങ്ങളിലേക്ക് വഴിമാറുന്നത് തൊഴിലാളി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫും പത്രസമ്മേളനത്തിൽ പങ്കെടുത്തു.