ബിനി ടൂറിസ്റ്റ് ഹോം ഇടിച്ച് നിരത്തിയതിനെതിരെ ബി.ജെ.പി പരാതി നൽകി
Friday 20 January 2023 1:07 AM IST
തൃശൂർ: ടെൻഡറിന്റെ മറവിൽ കോർപറേഷന്റെ അധീനതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം കരാറുകാരൻ ഇടിച്ച് നിരത്തിയതിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കും, ഈസ്റ്റ് ഇൻസ്‌പെക്ടർക്കും പരാതി നൽകി. കൗൺസിൽ അനുമതിയോ കരാറോ ഇല്ലാതെ സെക്ഷൻ ക്ലർക്കിൽ നിന്നും താക്കോൽ കൈക്കലാക്കി കോർപറേഷൻ സെക്രട്ടറി കരാറുകാരന് നൽകുകയായിരുന്നു. തുടർന്ന് കരാറുകാരൻ കെട്ടിടം ഇടിച്ച് നിരത്തുകയും വിലപ്പെട്ട വസ്തുക്കൾ കടത്തിക്കൊണ്ട് പോകുകയുമായിരുന്നു. ഇതുമൂലം കോർപറേഷന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും വിലപ്പെട്ട വസ്തുക്കൾ കളവ് ചെയ്ത് കൊണ്ടുപോയതിനും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. കോർപറേഷൻ സെക്രട്ടറി രാകേഷിനെയും കരാറുകാരൻ ജെനീഷിനേയും പ്രതിയാക്കിയാണ് പരാതി നൽകിയിട്ടുള്ളത്.