കൈക്കൂലി 'കൈകൊണ്ടു തൊടില്ല": സ്‌കൂൾ ഫീസ് മുതൽ വായ്‌പ വരെ അടയ്ക്കുന്നത് മണ്ണ് മാഫിയ!

Friday 20 January 2023 1:08 AM IST

കോട്ടയം: ജില്ലയിലെ ചില മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വായ്പ മുതൽ മക്കളുടെ സ്‌‌കൂൾ ഫീസ് വരെ അടയ്‌ക്കുന്നത് മണ്ണു മാഫിയ. ചിലർ കൈക്കൂലി സ്വന്തം അക്കൗണ്ടിലേയ്ക്കും ബിനാമി അക്കൗണ്ടുകളിലേയ്ക്കും വാങ്ങുമ്പോഴാണ് മറ്റു ചിലർ പണം കൈകൊണ്ട് തൊടാതെ സ്കൂൾ ഫീസിനും ആഴ്‌ചച്ചിട്ടിക്കും ഹൗസിംഗ് ലോണിനുമായി അടപ്പിക്കുന്നത്. സ്‌പെയർ പാർട്സ് കട നടത്തുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥനെപ്പറ്റിയും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.

'ഓപ്പറേഷൻ ഓവർലോഡിന്റെ" ഭാഗമായി പിടിയിലായ ടോറസ് - മണ്ണ് മാഫിയയുടെ ഇടനിലക്കാരൻ രാജീവിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് എൻഫോഴ്സ്മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാൻ പിടിക്കപ്പെടാതിരിക്കാൻ മറ്റ് ഉദ്യോഗസ്ഥർ നടത്തുന്ന അതിബുദ്ധിയെക്കുറിച്ചും വിജിലൻസിന് വിവരം ലഭിച്ചത്.

വാനഹത്തിന് പെട്രോളും പലചലരക്ക് കടയിലെ പറ്റുപടിയക്കം മണ്ണ് മാഫിയ അടയ്ക്കുന്നുണ്ടെന്നാണ് വിവരം. കൂടാതെ കൈക്കൂലിയായി വീട് പണിക്കുള്ള കട്ടയും സിമന്റും കമ്പിയും വാങ്ങുന്നവരുമുണ്ട്. സ്പെയർ പാർട്സ് കടയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ പേരിലും കൈക്കൂലിക്കേസൊന്നുമില്ല. അനധികൃതമായി മണ്ണ് കടത്തുന്നതിന്റെയും വിഹിതം നേരിട്ട് വാങ്ങാതെ മാസാമാസം ഇത്തരം ചെലവുകളിൽ വകകൊള്ളിക്കും. കിട്ടുന്ന ശമ്പളം കൊണ്ട് മാന്യമായി ജീവിക്കുന്ന ചുരുക്കം ചിലർക്ക് കൂടി നാണക്കേടാവുകയാണ് കൈക്കൂലികൊണ്ട് തടിച്ചു വീർക്കുന്ന മറുവിഭാഗം.

 പറ്റ് പടി 20,000 രൂപ മുതൽ

ഓവർ ലോഡും പാസില്ലാതെയുള്ള ഓട്ടവും ഉദ്യോഗസ്ഥർ കണ്ണടയ്ക്കും. പകരം 20000 രൂപവരെയാണ് പ്രതിമാസ പറ്റുപടി. പണം കൃത്യമായി വീതം വയ്ക്കാൻ പ്രത്യേക ആളുകളുമുണ്ട്. ഇത്തരക്കാർക്കായി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുമുണ്ടാക്കിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. കൈക്കൂലി കൊടുക്കാത്തവരെ പരമാവധി പീഡിപ്പിക്കും. നിരന്തരം പരിശോധന നടത്തി ഉദ്യോഗസ്ഥർ തങ്ങളുടെ വഴിക്കാക്കും.

 ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്

രാജീവിന്റെ ഫോണിലെ മുഴുവൻ വിവരങ്ങളുമെടുക്കാനായി ഫോറൻസിക് പരിശോധനയ്ക്ക് വിജിലൻസ് ഹാജരാക്കും. രാജീവുമായി പണം ഇടപാടുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ ബാങ്കിൽ അപേക്ഷ നൽകിയിട്ടുണ്ട്. വിവരങ്ങൾ ശേഖരിച്ച ശേഷം ഉദ്യോഗസ്ഥരെ വിജിലൻസ് ചോദ്യം ചെയ്യും.