പുരാതന കല്ലറയിൽ മറഞ്ഞിരുന്ന മുതല മമ്മികൾ

Friday 20 January 2023 6:31 AM IST

കെയ്റോ : ജീവനുള്ള മുതലകൾ ചെളിയിൽ മറഞ്ഞിരിക്കുന്ന പോലെ തോന്നിയെങ്കിൽ തെറ്റി. ഇവ ശരിക്കും മുതലകളുടെ മമ്മികൾ ആണ്. ഏകദേശം 2,500 വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്നതാണ് ഇവ. പുരാതന ഈജിപ്ഷ്യൻ ദേവതയായ സോബെകിനോടുള്ള ആരാധനയുടെ ഭാഗമായാണ് ഈ മുതലകളെ മമ്മികളെ രൂപത്തിൽ സംരക്ഷിച്ചിരിക്കുന്നതെന്ന് കരുതുന്നു.

അടുത്തിടെ നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തെ ഖാബത്ത് അൽ - ഹവയിലെ പുരാതന കല്ലറയിൽ നിന്നാണ് ഈ മുതല മമ്മികളെ കണ്ടെത്തിയത്. ബി.സി.ഇ അഞ്ചാം നൂറ്റാണ്ടിലാണ് ഈ കല്ലറകൾ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു.

രണ്ട് വ്യത്യസ്ത സ്പീഷീസിലെ പത്ത് മുതല മമ്മികൾ ഇവിടെയുണ്ടായിരുന്നു. കണ്ടെത്തൽ സംബന്ധിച്ച് ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര ജേർണലിൽ വിവരിക്കുന്നുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി ഈജിപ്ഷ്യൻ സംസ്കാരത്തിൽ മുതലകൾ പ്രത്യേക പ്രാധാന്യം വഹിക്കുന്നുണ്ട്. ആരാധനക്കപ്പുറം വൈദ്യശാസ്ത്രത്തിൽ പോലും ഇവയെ ഉപയോഗിച്ചിരുന്നു.

ഇതിന് മുന്നേ പൂച്ചകൾ പോലുള്ള ജീവികളുടെ മമ്മികൾ ഈജിപ്ഷ്യൻ കല്ലറകളിൽ കണ്ടെത്തിയിട്ടുണ്ട്. മുതലകളുടെ മമ്മികളും മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും മിക്കതും പൂർണ വളർച്ച എത്തിയിരുന്നവ അല്ല. ഇത്തവണ കണ്ടെത്തിയ മമ്മികൾ അധികം കേടുപാട് കൂടാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ഒരു പ്രത്യേകത. കൂടാതെ ഇവയെ മമ്മികളാക്കി സംരക്ഷിക്കാൻ പ്രത്യേക രീതിയാണ് സ്വീകരിച്ചതെന്നും കണ്ടെത്തി. പത്ത് മുതല മമ്മികളിൽ അഞ്ചെണ്ണത്തിൽ തല മാത്രമാണുള്ളത്.

ഏറെക്കുറേ പൂർണമായ ഒരു മമ്മിക്ക് ഏഴടി നീളമുണ്ട്. വെസ്റ്റ് ആഫ്രിക്കൻ, നൈൽ സ്പീഷീസുകളിൽപ്പെട്ട മുതലകളാണിവ. 5 മുതൽ 11 അടി വരെ നീളം ഇവയ്ക്കുണ്ടായിരുന്നു. ഇവയുടെ ശരീരത്തിൽ പ്രത്യക്ഷ മുറിവുകളില്ല. അതിനാൽ ഇവയെ ശ്വാസം മുട്ടിച്ചോ അമിതമായി ചൂടേൽപ്പിച്ചോ കൊന്നിരിക്കാമെന്ന് കരുതുന്നു.