കാമുകനും മുൻകാമുകനും വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചു, പ്രായപൂർത്തിയാകാത്ത കാമുകി ഓടിപ്പോയി കിണറ്റിൽ ചാടി; യുവാക്കൾ അറസ്റ്റിൽ

Friday 20 January 2023 4:55 PM IST

ഭോപ്പാൽ: കാമുകനും മുൻകാമുകനും ചേർന്ന് മർദിച്ച പെൺകുട്ടി കിണറ്റിൽ ചാടി. മദ്ധ്യപ്രദേശിലെ ബൈത്തൂൽ ഗ്രാമത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് കിണറ്റിൽ ചാടിയത്. നാട്ടുകാരാണ് കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പെൺകുട്ടി പ്രണയം ഉപേക്ഷിച്ചതും തന്നോട് സംസാരിക്കാത്തതുമാണ് മുൻകാമുകനെ പ്രകോപിപ്പിച്ചത്. ഇയാൾ അടുത്തിടെ പെൺകുട്ടിയുടെ നിലവിലെ കാമുകനെ കണ്ട് സംസാരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് പ്രണയബന്ധങ്ങളെക്കുറിച്ച് പെൺകുട്ടിയോട് സംസാരിക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് മറ്റ് ചിലരെയും കൂട്ടി, വടികളും കത്തിയുമായി യുവാക്കൾ കാമുകിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. കാമുകന്മാർ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും, മർദിക്കുകയും ചെയ്‌തു. ഇതോടെ പുറത്തേക്ക് ഓടിയ പെൺകുട്ടി വീട്ടുവളപ്പിലെ കിണറ്റിൽ ചാടി. ദൃക്സാക്ഷികളായ നാട്ടുകാർ പെൺകുട്ടിയെ ഉടൻ പുറത്തെടുത്ത്, സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാമുകനെയും മുൻകാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവർക്കൊപ്പമുണ്ടായിരുന്നവർക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണെന്നും ബോർദേഹി പൊലീസ് അറിയിച്ചു.