കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്, ഉറക്കം നഷ്ടപ്പെട്ട് മലയോരം ഉറക്കം നടിച്ച് അധികൃതർ.

Saturday 21 January 2023 1:14 AM IST

കോട്ടയം . വേനൽ കടുത്തതോടെ കുടിവെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നത് മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. കാട്ടാന മുതൽ കാട്ടുപന്നി വരെ ഇക്കൂട്ടത്തിലുണ്ട്. പെരുവന്താനം, കോരുത്തോട്,വണ്ടൻപതാൽ, കണമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ എന്നിവിടങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷം. ഏക്കർ കണക്കിന് കൃഷി ഇതിനോടകം നശിപ്പിച്ചു. ആനശല്യം ഭയന്ന് രാത്രി കാലങ്ങളിൽ വീടുവിട്ടു പോകേണ്ട സാഹചര്യമാണ് പലർക്കും. ഇതോടൊപ്പമാണ് മലയണ്ണാനും കാട്ടുപൂച്ചയും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം. കാപ്പിക്കുരവും ചക്കയും ഓമക്കയുമെല്ലാം മലയണ്ണാൻ തിന്നുകയാണ്. കുരങ്ങനും കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുന്നു. പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, പ്ലാച്ചേരി മുക്കൂട്ടുതറ മണിപ്പുഴ പ്രദേശങ്ങളിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അപേക്ഷ ഡി എഫ് ഒയുടെ ഫയലിലാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ജാഗ്രതാ സമിതികൾ കൂടിയെങ്കിലും വെടിവയ്ക്കാനുള്ള ഉത്തരവ് മാത്രം ലഭിച്ചിട്ടില്ല.

സോളാർ വേലി പ്രഖ്യാപനത്തിൽ മാത്രം.

കാട്ടാനകളെ നിയന്ത്രിക്കാൻ സോളാർ വൈദ്യുതിവേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങളും പാഴ്‌വാക്കായി. കാട്ടാനക്കൂട്ടം മലയോരത്ത് ഭീതി വിതക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വേനൽ കടുത്തതോടെ അഴുതയാറ്റിലും പതിവായി ആനക്കൂട്ടമെത്താറുണ്ട്. ഇതോടെ കുളിക്കാനും മറ്റും ആറ്റിലിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.

ശല്യം ഇവ.

ആന, പന്നി, കുരങ്ങ്, പാമ്പ്, മയിൽ, മലയണ്ണാൻ.

നഷ്ടപരിഹാരം തുച്ഛം.

കർഷകർക്കുണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരവും തുച്ഛമാണ്. വർഷങ്ങൾക്ക് മുമ്പേ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും നഷ്ടപരിഹാരം നൽകുന്നത്. കൃഷിയിടങ്ങളിലും ഇതിനോട് ചേർന്ന പ്രദേശങ്ങളിലും കാട്ടുമൃഗങ്ങൾ അപായപ്പെട്ടാൽ ഉത്തരവാദിത്വം കർഷകർക്കുമേൽ കെട്ടിവയ്ക്കുന്ന പ്രവണതയുമുണ്ട്.

കർഷകനായ രാജൻ പൊന്തൻപുഴ പറയുന്നു.

ഇങ്ങന എന്തിന് കൃഷി ചെയ്യുകയാണെന്ന് ചിലപ്പോൾ തോന്നും. കഴിഞ്ഞ വർഷം നട്ട കപ്പയും വാഴയുമടക്കം പന്നി കൊണ്ടുപോയി. ഇപ്പോൾ കുരങ്ങും കൂട്ടത്തോടെ എത്തുന്നു.

ഒരുവർഷം , 10 പേർക്ക് പരിക്ക്.

ഒരുവർഷത്തിനിടെ മലയോരമേഖലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത് 10 പേർക്കാണ്. തോട്ടം തൊഴിലാളികളടക്കം ഭീതിയോടെയാണ് പുലർച്ചെ പണിക്ക് പോകുന്നത്. ഒന്നരവർഷം മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.

Advertisement
Advertisement