ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടൽ, ഒഴിവാക്കുന്നത് 12,000  ജീവനക്കാരെ

Friday 20 January 2023 5:37 PM IST

ന്യൂയാേർക്ക്: മൈക്രോസോഫ്റ്റിലെയും ആമസോണിലെയും കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ഗൂഗിളിലും വൻ പിരിച്ചുവിടൽ. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റിൽ 12,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതുസംബന്ധിച്ച് ആൽഫബെറ്റ് സി ഇ ഒ സുന്ദർ പിച്ചൈയുടെ അറിയിപ്പ് പുറത്തുവന്നു. പുതിയ സാമ്പത്തികസാഹചര്യത്തിൽ നീക്കം അനിവാര്യമെന്നും എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ആകെ ജീവനക്കാരിൽ ആറുശതമാനത്തെയാണ് പിരിച്ചുവിടുന്നതെന്നാണ് റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യ ഭീഷണിയെത്തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുന്നത്.

2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ടെക് ഭീമൻ മൈക്രോസോഫ്​റ്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മുൻനിറുത്തിയാണ് ആകെ ജീവനക്കാരിൽ അഞ്ച് ശതമാനത്തോളം പേരെ പിരിച്ചുവിടാൻ തീരുമാനം. നിലവിൽ 2,21,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. പിരിച്ചുവിടൽ സംബന്ധിച്ച് ഒരു വിഭാഗം ജീവനക്കാർക്ക് അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് സി.ഇ.ഒ സത്യനാദല്ല അറിയിച്ചു.