റോഡുകൾ കുറുകെ മുറിച്ചും, നെടുകെ കീറിയും നാട്ടുകാരെ ദുരിതത്തിലാക്കി കുടിവെള്ള പദ്ധതി

Saturday 21 January 2023 3:47 AM IST

കല്ലമ്പലം: ഗ്രാമീണ മേഖലകളിൽ റോഡുകൾ കുറുകെ മുറിച്ചും നെടുകെ കീറിയും നാട്ടുകാരെ ദുരിതത്തിലാക്കി കുടിവെള്ള പദ്ധതി. കഴിഞ്ഞ കുറെ മാസങ്ങളായി ജലജീവൻ പദ്ധതിയുടെ ഭാഗമായാണ് റോഡ് കുഴിക്കൽ. നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ മാത്രം 22 വാർഡുകളിലായി അയ്യായിരത്തോളം ഭാഗങ്ങളിലാണ് റോഡുകൾ മുറിച്ചിട്ടുള്ളത്‌. മറ്റു പഞ്ചായത്തുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

കുടിവെള്ള പദ്ധതി ജനത്തിന് ഉപയോഗപ്രദമാണെങ്കിലും റോഡുകൾ കുറുകെ മുറിച്ചിട്ട് കോൺക്രീറ്റ് ചെയ്ത് പൂർവ സ്ഥിതിയിലാക്കാത്തതും, റോഡിന്റെ ഒരു വശം ചേർന്ന് നെടുകെ കുഴിയെടുത്ത് വലിയ പി.വി.സി പൈപ്പുകൾ സ്ഥാപിച്ച ശേഷം മണ്ണിട്ടുമൂടിയത് റോഡിനെക്കാളും ഉയരത്തിലായതും വൻ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചെറുതായി മഴ പെയ്തതോടെ നിരവധി ഇരുചക്രവാഹനങ്ങളാണ് കോട്ടറക്കോണം റോഡിൽ തെന്നി അപകടത്തിൽപ്പെട്ടത്. കുടിവെള്ള പദ്ധതിയുടെ പേരുംപറഞ്ഞ് അടുത്തിടെ ടാർ ചെയ്ത റോഡുകൾ പോലും യാതൊരുവിധ മാനദണ്ഡവുമില്ലാതെയും ദീർഘവീക്ഷണമില്ലാതെയും വെട്ടിപ്പൊളിക്കുമ്പോൾ ജനരോഷം ഇരമ്പുകയാണ്.