കുടം കലക്കി കലക്കീ ട്ടോ.

Saturday 21 January 2023 12:16 AM IST

കോട്ടയം . ചുട്ടുപൊള്ളുന്ന ചൂടല്ലേ,​ ഉള്ളൊന്ന് തണുപ്പിക്കാൻ ഇവൻ തന്നെയാ ബെസ്റ്റ്. മൺകുടത്തിലേക്ക് ഓറഞ്ചോ, മുസംബിയോ പിഴിഞ്ഞൊഴിച്ച് ചില്ലറ ഐറ്റംസ് കൂടി ചേർത്ത് ഒരു സോഡ കൂടി പൊട്ടിച്ചൊഴിച്ചാൽ ഹാ...മനം കുളിരും. പറഞ്ഞ് വരണത് നമ്മുടെ കുടം കലക്കിയെ കുറിച്ചാണ് ട്ടോ. ഈ വേനൽക്കാലത്ത് ആള് ചില്ലറക്കാനല്ല. എം സി റോഡിൽ നാട്ടകം കോളേജിന് സമീപം കച്ചവടം പൊടിപൊടിക്കുകയാണ്.

മുൻപ് കുടത്തിലെ സംഭാരം, കുലുക്കി സർബത്ത്, ഫുൾജാർ, നാരങ്ങാ സർബത്ത് തുടങ്ങിയവയ്ക്കായിരുന്നു ഡിമാൻഡെങ്കിൽ ഇപ്പോൾ കുടം കലക്കിയാണ് താരം. 40 രൂപയാണ് വില. കുടംമോരും ഇവിടുത്തെ പ്രത്യേകതയാണ്. മോരിലേക്ക് നാരങ്ങ, മാങ്ങ, ഓലോലിക്ക, ഇരുമ്പും പുളി തുടങ്ങിയ അച്ചാറുകൾ ആവശ്യക്കാരുടെ നിർദ്ദേശമനുസരിച്ച് നൽകുന്നതാണ് കുടം മോര്. ഇതിനും 40 രൂപയാണ് വില. നിരവധി പേർ ഇവ വാങ്ങുന്നതിനായി എത്തുന്നുണ്ടെന്ന് വ്യാപാരിയായ സിബി പറഞ്ഞു.

തയ്യാറാക്കുന്നത് ഇങ്ങനെ.

ഓറഞ്ച്, മുസംബി എന്നിവ പിഴിഞ്ഞൊഴിച്ചതിനൊപ്പം നാരങ്ങ, ഇഞ്ചി, ചെറിയ ഉള്ളി, മുളക്, കസ്‌കസ്, അച്ചാർ, പഞ്ചസാര തുടങ്ങിയവ മൺകുടത്തിലാക്കിയശേഷം സോഡ പൊട്ടിച്ചൊഴിക്കും. പിന്നെ കുപ്പിയുടെ വായ്ഭാഗംകൊണ്ട് കുടത്തിൽ വട്ടംചുറ്റിക്കും. രണ്ട് ഐസ് ക്യൂബും ചേർത്താൽ കുടംകലക്കി റെഡി.