മാലിന്യത്തിൽ പെട്ട അരലക്ഷം ഉടമസ്ഥന് നൽകി ഹരിതകർമ്മസേനയിലെ ഈ മുത്തുകൾ

Friday 20 January 2023 7:21 PM IST

മടിക്കൈ: വീടുകളിൽ നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങൾക്കിടയിൽ പെട്ടുപോയ അരലക്ഷം രൂപ വീട്ടുടമയ്ക്ക് തിരിച്ചുനൽകിയ ഹരിതകർമ്മ സേനാംഗങ്ങൾക്ക് അഭിനന്ദനാപ്രവാഹം. മടിക്കൈ പഞ്ചായത്തിലെ ആറാം വാർഡ് ഹരിതകർമ്മ സേനാംഗങ്ങളായ സി.സുശീലയും പി.വി.ഭവാനിയുമാണ് സേനയുടെ തന്നെ അഭിമാനസ്തംഭങ്ങളായത്.

ബുധനാഴ്ച ഇരുവരും മാലിന്യമെടുക്കുന്നതിനായി മലപ്പച്ചേരി ഭാഗത്തായിരുന്നു.വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറ്റുന്നതിനായി സമീപത്തെ മരത്തണലിൽ നീക്കിയ ശേഷം ഇരുവരും വീടുകളിലേക്ക് മടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് പ്ലാസ്റ്റിക്കിനൊപ്പം പണമുണ്ടായിരുന്നോയെന്ന് അന്വേഷിച്ച് മലപ്പച്ചേരിയിലെ രാജീവന്റെ ഭാര്യയുടെ ഫോൺകാൾ ഇവരെ തേടി എത്തിയത്. കൂലിവേലക്കാരനായ രാജീവൻ വീട് നിർമ്മാണം തുടങ്ങാൻ സൂക്ഷിച്ച പണമായിരുന്നു കാണാതായത്.

ഒടുവിൽ എല്ലാ വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യം ആകെ അരിച്ചുപെറുക്കി പരിശോധിച്ചപ്പോഴാണ് പണം ലഭിച്ചത്. അപ്പോൾ തന്നെ ഫോൺ വിളിച്ച് രാജീവന്റെ ഭാര്യയെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ തുക കൈമാറി. ആദ്യം ഫോൺകാൾ വന്നപ്പോൾ അന്ധാളിപ്പായിരുന്നുവെന്നും പരതിയെടുത്ത പണം തിരിച്ചുനൽകിയപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും സുശീലയും ഭവാനിയും പറഞ്ഞു.

അഭിനന്ദിച്ച് മന്ത്രിയും

മാലിന്യത്തിനൊപ്പം ലഭിച്ച അരലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച സുശീലയേയും ഭവാനിയേയും മന്ത്രി തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷ് അഭിനന്ദിച്ചു. അൻപതിനായിരം രൂപ സുരക്ഷിതമായി തിരിച്ചേൽപ്പിച്ച് സുശീലയും ഭവാനിയും അൻപത് രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകർമ്മസേനാംഗങ്ങ

ളെന്ന പ്രചാരണത്തെ ഒറ്റ നിമിഷം കൊണ്ട് തോൽപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവരെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.