ഡെലിവറി ബോയിയെ ആക്രമിച്ച സെക്യൂരിറ്റി ജീവനക്കാർ പിടിയിൽ
Saturday 21 January 2023 1:15 AM IST
തൃക്കാക്കര: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ ഡെലിവറി ബോയിയെ ആക്രമിച്ച കേസിൽ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരെ ഇൻഫോപാർക്ക് പോലീസ് പിടികൂടി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സിറാജുദ്ദിൻ (23), ആലപ്പുഴ ഹരിപ്പാട് സ്വദേശി അജിഷ് (26), കൊല്ലം ചവറ സൗത്ത് സ്വദേശി ഉണ്ണിക്കൃഷ്ണ പിള്ള (57) എന്നിവരാണ് അറസ്റ്റിലായത്. കാക്കനാട് ചിറ്റേത്ത് കരയിലെ ഫ്ലാറ്റിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയ തമിഴ്നാട് രാമനാഥപുരം സ്വദേശി മഹാദേവ ആദിത്യനെയാണ് (29 ) പ്രതികൾ മർദ്ദിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
ഭക്ഷണം വിതരണം ചെയ്യാൻ അകത്തേയ്ക്ക് പോകണമെന്ന് യുവാവിന്റെ ആവശ്യം സെക്യൂരിറ്റി ജീവനക്കാർ അംഗീകരിച്ചില്ല. തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. മർദ്ദനമേറ്റ് വീണ യുവാവിനെ ഭക്ഷണ വിതരണത്തിനെത്തിയ മറ്റൊരു ജീവനക്കാരൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.