കാത്തിരുപ്പിന് അറുതി: കോട്ടിക്കുളം ഓവർ ബ്രിഡ്ജിന് റെയിൽവേ അനുമതി

Friday 20 January 2023 9:47 PM IST
റെയിൽവേ സ്റ്റേഷൻ

റെയിൽവേ പ്ലാറ്റ് ഫോം പകുത്ത് റോഡ് കടന്നുപോകുന്ന സംസ്ഥാനത്തെ ഏക റെയിൽവേ സ്റ്റേഷൻ

കാസർകോട് : ഏറെ കാലമായി റെയിൽ റോഡ് യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോട്ടിക്കുളം റെയിൽ ഓവർ ബ്രിഡ്ജിന് റെയിൽവെ അനുമതി നൽകി. സംസ്ഥാനത്ത് റെയിൽവേ പ്ലാറ്റ് ഫോം രണ്ടായി മുറിച്ചു കൊണ്ട് കടന്നു പോകുന്ന റോഡുള്ള ഏക റെയിൽവേ ക്രോസിംഗാണ് കോട്ടിക്കുളം. ഇവിടെ ഒരു റെയിൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് കിഫ്ബി ഏഴ് വർഷങ്ങൾക്ക് മുൻപ് 20 കോടി രൂപ അനുവദിച്ചിരുന്നു.

ഡി.പി.ആർ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ ആർ.ബി.ഡി.സി കെ ആവശ്യത്തിന് സ്ഥലം ഏറ്റെടുത്ത് റെയിൽവേയുടെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തിരുന്നു. റെയിൽവേയുടെ സുരക്ഷയെ ബാധിക്കുന്ന ക്രോസിംഗായതിനാൽ ഓവർ ബ്രിഡ്ജിനായി വർഷങ്ങൾക്ക് മുൻപ് തന്നെ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ റെയിൽവേ ആനുപാതികമായി പണം വകയിരുത്താതതിനാൽ കോട്ടിക്കുളം ആർ.ഒ.ബി യാഥാർത്ഥ്യമായില്ല. ഒരു ഘട്ടത്തിൽ തങ്ങൾ ഏറ്റെടുത്ത ഭൂമിക്ക് വില തന്നാൽ അനുമതി നൽകാമെന്ന റെയിൽവേയുടെ ആവശ്യത്തിനും സംസ്ഥാന സർക്കാർ അനുമതി നൽകി. എന്നിട്ടും റെയിൽവേ അനങ്ങാപ്പാറ നയം തുടർന്നു.

ജി.എ .ഡി പ്ലാൻ റെയിൽവേ അംഗീകരിച്ചു കഴിഞ്ഞു. ഇനി സ്ഥലം വിട്ടു കിട്ടിയാൽ ടെൻഡർ നടപടികളുമായി മുന്നോട്ടു പോകാൻ സാധിക്കും. കോട്ടിക്കുളത്ത് അധികമായി ഒരു റെയിൽവെ ലൈൻ കൂടി വരുന്നതിനാൽ ആർ.ഒ.ബി യുടെ നീളം കൂട്ടണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് കുറച്ചു കൂടി ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ.പറഞ്ഞു.

വിഷയം നിയമസഭയ്ക്ക് അകത്തും, പുറത്തും എം.എൽ.എ എന്ന നിലയിലും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലും നിരന്തരം ഉയർത്തികൊണ്ടുവന്നതിന്റെയും ഇടപെടലിന്റെയും ഫലമായാണ് റെയിൽവേയുടെ അനുകൂല നടപടി- സി എച്ച് കുഞ്ഞമ്പു എം.എൽ.എ