സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ഇന്ന് ... കെ.സി​യെ ഒഴി​വാക്കി​യതി​ൽ പ്രതി​ഷേധം,

Saturday 21 January 2023 1:43 AM IST

കെ.സിക്കും ജി. സുധാകരനും ക്ഷണമില്ല

ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ നിന്ന് കെ.സി.വേണുഗോപാൽ എം.പിയെ ഒഴിവാക്കിയതിൽ പ്രതിഷേധം. കെ.സിയെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും പദ്ധതി യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും ആദ്യവസാനം മുന്നിൽ നിന്ന തന്നെയും ഓർക്കാതിരുന്നതിൽ പരിഭവമില്ലെന്നുമുള്ള മുൻ മന്ത്രി ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രതിഷേധത്തിന്റെ ആഴം കൂട്ടി.

ആലപ്പുഴ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ.സി.വേണുഗോപാൽ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി നേരിട്ട് ഇടപെട്ടതിന്റെ ഫലമായാണ് ആലപ്പുഴ മെഡിക്കൽ കോളേജിന് പരിഗണന ലഭിച്ചതെന്ന് കോൺഗ്രസ് അടിവരയിടുന്നു. 173.18 കോടിയുടെ പദ്ധതിയിൽ 120 കോടി കേന്ദ്ര ധനസഹായമായി അനുവദിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖർജിയെ കൊണ്ടുവന്നാണ് നിർമ്മാണ പ്രവൃത്തികളുടെ പ്രഖ്യാപനം നടത്തിയത്. 2013 മാർച്ച് 16ന് നടത്തിയ പ്രഖ്യാപനത്തിൽ ദേശീയ നിലവാരത്തിലേക്ക് ആലപ്പുഴ മെഡി. ആശുപത്രിയെ ഉയർത്താനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുകയായിരുന്നുവെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. കെ.സി.വേണുഗോപാലിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് മൂന്നിന് ആശുപത്രി കവാടത്തിൽ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ യോഗം സംഘടിപ്പിക്കും. രമേശ് ചെന്നിത്തലയുടെ പേര് നോട്ടീസിൽ ഉണ്ടെങ്കിലും തന്റെ ഓഫീസിൽ വിളിച്ചാണ് പരിപാടി അറിയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പദ്ധതി യാഥാർത്ഥ്യമാക്കിയ വ്യക്തിയാണ് കെ.സി.വേണുഗോപാൽ എം.പി. അദ്ദേഹത്തെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാറ്റി നിറുത്തുന്നത്

എ.എ.ഷുക്കൂർ

# 'ഓർക്കാതിരുന്നതിൽ പരിഭവമില്ല'

(ജി.സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്)

'ഉദ്ഘാടനം സംബന്ധിച്ച് ചില വിവാദങ്ങൾ മാദ്ധ്യമങ്ങൾ ഉയർത്തുന്നു. ചരിത്ര സത്യങ്ങൾ പ്രകാശിക്കുമ്പോൾ വിവാദങ്ങൾ എന്തിന്? 2012 ൽ ഈ മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ പരിഹരിക്കാനായി ഒരു ഗ്യാപ്പ് അനാലിസിസ് അയയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു. സ്വാഭാവികമായും അന്നത്തെ എം.പി കെ.സി. വേണുഗോപാലിന്റെ ശുപാർശ കത്തും ഒപ്പം ഉണ്ടായിരുന്നു. 2 വർഷത്തിന് ശേഷം 2014ൽ ഡൽഹിയിൽ ആരോഗ്യ സെക്രട്ടറി വിളിച്ചുകൂട്ടിയ ചർച്ചയിൽ ഈ റിപ്പോർട്ട് പരിഗണിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ജോയിന്റ് സെക്രട്ടറി, സംസ്ഥാന ആരോഗ്യ സെക്രട്ടറി ഇളങ്കോവൻ, ഇപ്പോഴത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും അന്നത്തെ നോഡൽ ഓഫീസറും ആയിരുന്ന ഡോ.ടി.കെ.സുമ എന്നിവർ പങ്കെടുത്തു. 2015 ഡിസംബർ 19 ന് നിർമ്മാണം ടെണ്ടർ ചെയ്തു. 2016 ജൂണിൽകരാർ നൽകി. 2016 ഫെബ്രുവരി 20ന് കേന്ദ്ര ആരോഗ്യ മന്ത്രി നദ്ദ ശിലാസ്ഥാപനം നടത്തി.

2019 മുതൽ എ.എം.ആരിഫ് ആണ് എം.പി. കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ എച്ച്.സലാം ആണ് എം.എൽ.എ.

കരാർ ഒപ്പിട്ടതും പണം അനുവദിച്ചതും പണി ദ്രുതഗതിയിൽ നടത്തിയതും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ്.

ആരോഗ്യ മന്ത്രി ശൈലജയോടൊപ്പം ഞാൻ മുന്നിൽ ഉണ്ടായിരുന്നെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

പദ്ധതിക്കായി പ്രവർത്തിച്ച ചിലരെ (കെ.എസി.വേണുഗോപാൽ) പരിപാടിയിൽ നിന്നു ഒഴിവാക്കി എന്ന് മാദ്ധ്യമങ്ങൾ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ശൈലജയെയും ഉൾപ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നിൽ നിന്ന എന്നെ ഓർക്കാതിരുന്നതിൽ എനിക്ക് പരിഭവമില്ല. ജനോപകാരമായ സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഭാഗഭക്കാവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടർച്ചയാണ്, പുരോഗമനമാണ്. ഹിസ്റ്ററി ഈസ് പ്രോഗ്രസ്- അതാണ് ആധുനിക ചരിത്ര മതം. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു, വഴിയരികിൽ വയ്ക്കുന്ന ഫ്ലെക്‌സുകളിലല്ല ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്ലെക്സുകളാണ് പ്രധാനം.

Advertisement
Advertisement