വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ

Saturday 21 January 2023 3:00 AM IST

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ 70കാരിയായ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ച സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപയും വിമാന സർവീസുകളുടെ ഡയറക്ടർ വസുധ ചന്ദ്രയ്ക്ക് മൂന്ന് ലക്ഷം രൂപയും പിഴ ചുമത്തി. വിമാനത്തിലെ പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു. യാത്രക്കാരിയുടെ പരാതിയിൽ നടപടി എടുക്കാൻ വൈകിയതിനാണ് ശിക്ഷ. സംഭവത്തിൽ ജനുവരി നാലിന് എയർ ഇന്ത്യ രേഖാമൂലം നൽകിയ മറുപടിയിൽ തൃപ്തരല്ലെന്ന് ഡി.ജി.സി.എ അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീഴ്ചകൾ അംഗീകരിക്കുന്നെന്നും അവ പരിഹരിക്കാൻ പ്രസക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്നലെ എയർ ഇന്ത്യ മറുപടി നല്കി.

എയർ ഇന്ത്യ അക്കൗണ്ടബിൾ മാനേജർ, ഇൻഫ്ലൈറ്റ് സർവീസ് ഡയറക്ടർ, വിമാനത്തിലെ

പൈലറ്റുമാർ, ക്യാബിൻ ക്രൂസ് എന്നിവർക്ക് ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 2022 നവംബർ 26നാണ് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ 72 കാരിയായ സ്ത്രീയുടെ ദേഹത്ത് മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ശങ്കർ മിശ്ര മൂത്രമൊഴിച്ചത്. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തിൽ കുതിർന്ന് ചീത്തയായതായി യാത്രക്കാരി വിമാന ജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഡൽഹിയിലെത്തിയ വിമാനത്തിൽ നിന്നും ഒരു പ്രശ്നവുമില്ലാതെ ശങ്കർ മിശ്ര ഇറങ്ങി പോകുകയും ചെയ്തു. ഇതിനെ തുടർന്ന് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകിയിരുന്നു. പരാതി വിവാദമായതോടെയാണ് സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽ പോയ ശങ്കർ മിശ്രയെ ബംഗളുരുവിൽ വെച്ച് ഡൽഹി പൊലീസ് പിടികൂടി. ശങ്കർ മിശ്ര ജോലി ചെയ്തിരുന്ന യു.എസ് ആസ്ഥാനമായ കമ്പനി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. എയർ ഇന്ത്യ ശങ്കർ മിശ്രയ്ക്ക് കഴിഞ്ഞ ദിവസം നാല് മാസത്തെ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു.