സോളിൽ വൻ തീപിടിത്തം
Saturday 21 January 2023 2:42 AM IST
സോൾ : ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ വൻ അഗ്നിബാധ. ഗർയോംഗ് മേഖലയിൽ ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്. ആർക്കും മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏകദേശം 60 ഓളം വീടുകൾ കത്തിനശിച്ചു. 2,700 ചതുരശ്ര മീറ്റർ പ്രദേശത്ത് നാശനഷ്ടം റിപ്പോർട്ട് ചെയ്തു. 500 ലേറെ പേരെ ഒഴിപ്പിച്ചു. സോളിലെ ചേരിപ്രദേശമായ ഗർയോംഗിൽ ചെറുവീടുകൾ വളരെ ഇടുങ്ങിയാണ് നിലകൊള്ളുന്നത്. ഇവയിൽ പലതും കാർഡ്‌ബോർഡുകളും തടിയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 900ലേറെ അഗ്നിരക്ഷാ സേനാംഗങ്ങളും നിരവധി ഹെലികോപ്റ്ററുകളും ചേർന്ന് അഞ്ച് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 2009 മുതൽ ഗർയോംഗ് മേഖലയിൽ കുറഞ്ഞത് 16 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഇവിടുണ്ടായ വെള്ളപ്പൊക്കത്തിൽ 13 പേർ മരിച്ചിരുന്നു.